Recent-Post

രാത്രിയും പകലും നിർത്താതെ പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; വിതുരയിൽ ഒഴുക്കിൽപ്പെട്ടയാളെ കാണാതായി; കൃഷിയിടങ്ങളിലും വെള്ളം കയറി



നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങൾ മുതൽ രാത്രിയും പകലും കനത്ത മഴ പെയ്തതിനെ തുടർന്നു വാമനപുരം നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയർന്നു. പൊന്മുടി, കല്ലാർ വന മേഖലകളിലും മഴ ശക്തമായതോടെ പോഷക നദികളിലൂടെ വെള്ളം വാമനപുരം നദിയിലേക്കു കുതിച്ചെത്തി. മക്കിയാറും പന്നിവാസൽ പുഴയും കര കവിഞ്ഞു. മരുതാമല, മക്കി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും റോഡിലും റോ‍ഡരികിലെ വീടുകളിലും വെള്ളം കയറി.



ജല നിരപ്പ് ഉയർന്നതിനെ തുടർന്നു നദിയിലെ പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ കവിഞ്ഞ് വെള്ളം ഒഴുകിയതു വിതുര– പാലോട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. പൊന്മുടിയിലും കല്ലാർ വന മേഖലയിലും ബോണക്കാട്ടും ശക്തമായി മഴ തുടരുകയാണ്. പൊന്മുടിയിൽ മഴ ശക്തമാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണു അധികൃതരുടെ പക്ഷം. കാലാവസ്ഥ തീർത്തും പ്രതികൂലമായാൽ പൊന്മുടിയിലേക്കുള്ള വിനോദ സഞ്ചാരത്തിനു താൽക്കാലിക നിരോധനം ഏർപ്പെടുത്തിയേക്കും. പൊന്നാംചുണ്ട് പാലത്തിൽ നിന്ന് വീണ് ഒരാളെ കാണാതായി. വിതുര കൊപ്പം സ്വദേശി സോമൻ (62) നെയാണ് കാണാതായത്. ഫയർഫോഴ്‌സ് എത്തി തെരച്ചിൽ നടത്തുന്നു. വണ്ടിയോട് കൂടിയാണ് ആറ്റിലേക്ക് വീണതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.




പെരിങ്ങമല പഞ്ചായത്ത് എഴാം വാർഡിൽ നരിക്കല്ല് സോമരാജൻ എന്നയാളുടെ വീട്ടിൽ മണ്ണിടിഞ്ഞ് വീണു. വീടിനകത്ത് വെള്ളവും ചെളിയും കയറി. ഇന്നലെ ഉച്ച മുതൽ മണ്ണിടിഞ്ഞ് വീണ് തുടങ്ങിയിരുന്നു. സോമനും ഭാര്യയും മകളും ഒന്നര വയസ്സായ കുഞ്ഞുമാണ് വീട്ടിലുള്ളത്. നെടുമങ്ങാട് തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി.




കല്ലറയിൽ മരങ്ങൾ ഒടിഞ്ഞ് വീടിനു മുകളിൽ വീണു. ശനിയാഴ്ച ഉച്ചയോടു കൂടി ഉണ്ടായ കാറ്റിലാണ് മരങ്ങൾ വീണത്. രണ്ട് സ്ഥലത്തും ആളപായമില്ല. കല്ലറ കുളമാൻകുഴി പുറുത്തിവിളവീട്ടിൽ വത്സലയുടെ വീടിനു മുകളിലേക്ക് സമീപം നിന്ന കൂറ്റൻ പ്ലാവ് മരം മറിഞ്ഞു വീണു. ഷീറ്റുമേഞ്ഞ വീടിന്റെ ഭിത്തികൾ പൊട്ടിമാറിയിട്ടുണ്ട്. വത്സലയുടെ മകൾ ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും പുറത്തേക്കിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.



കൊടിതൂക്കിയകുന്ന് ഓറങ്കോട് സിന്ധുസദനത്തിൽ ഗോപിനാഥൻ ആശാരിയുടെ വീട്‌ പൂർണമായും തകർന്നു. കൈക്കുഞ്ഞുൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തിയാണ് ഇരു സ്ഥലത്തേയും മരങ്ങൾ വെട്ടിമാറ്റിയത്.



പാലോട്-മൈലമൂട് റോഡിൽ മൈലമൂട്ടിൽ കൂറ്റൻ മരുതുമരം വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞുവീണ് നാല് വൈദ്യുതത്തൂണുകൾ ഒടിഞ്ഞു. ഇതിലെയുള്ള ഗതാഗതം രണ്ട് മണിക്കൂർ തടസ്സപ്പെട്ടു. രാത്രി വൈകിയും മഴയ്ക്ക് ശമനമുണ്ടായിട്ടില്ല.

Post a Comment

0 Comments