Recent-Post

കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നും വിളപ്പിൽശാല പൊലീസ് പിടികൂടി



വിളപ്പിൽശാല: കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നും വിളപ്പിൽശാല പൊലീസ് പിടികൂടി. തമിഴ്നാട് തിരുവാരൂർ കാസാടി കൊല്ലായി മീനവർ സാലയിൽ മുരുകാനന്ദ(42)നെയാണ് പിടികൂടിയത്. വിളപ്പിൽശാല ജംഗ്ഷനിലെ മൂന്ന് കടകൾ കുത്തിതുറന്ന് 50000 രൂപയോളം മോഷണം ചെയ്ത കേസിലാണ് ഇയാളെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. ആയുധം ഉപയോഗിച്ച് വാതിൽ കുത്തിതുറന്ന് കടകൾക്ക് ഉള്ളിൽ കയറിയ പ്രതി മൂന്നു കടകളിൽ നിന്നായി 50000 രൂപയോളവും മൊബൈൽ ഫോണുകളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിളപ്പിൽശാല പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ തിരിച്ചറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മൂന്ന് മാസമായി വിളപ്പിൽശാല ആശുപത്രി റോഡിലുള്ള ചായക്കടയിൽ ജോലിക്ക് നിന്ന വ്യക്തി ആണെന്ന് മനസിലായി. മോഷണം നടത്തി അന്നേ ദിവസം തന്നെ പ്രതി തമിഴ്നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസറായ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്, ജി എസ് ഐ ബൈജു, സിപിഒ മാരായ പ്രദീപ്, അരുൺ, ജയശങ്കർ എന്നിവരടങ്ങിയ പൊലീസ് സംഘം തമിഴ്നാട്ടിൽ എത്തി നടത്തിയ അന്വേഷണത്തിൽ ആണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുന്നത്.


ഇയാളിൽ നിന്നും മോഷണ മുതൽ പൊലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ തമിഴ്നാട് തിരുച്ചന്തൂർ, തൃച്ചി, ഗാന്ധി മാർക്കറ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ലഹരി മരുന്ന് വിൽപ്പന കേസുകൾ നിലവിൽ ഉണ്ടെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു. മോഷണം നടത്തുന്നതിന് മുന്‍പ് കടകളിലും മറ്റും ജോലിക്ക് കയറി പ്രദേശത്തെപ്പറ്റി മനസ്സിലാക്കിയ ശേഷം കടകളും മറ്റും കുത്തിതുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ പതിവ് രീതി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.


Post a Comment

0 Comments