
ആര്യനാട്: ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട് സർക്കാർ ഭൂമിയിൽ പാറഖനനം നടത്തുന്നതിന് എത്തിച്ച മണ്ണുമാന്തി നാട്ടുകാർ തടഞ്ഞിട്ടു പ്രതിഷേധിച്ചു. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് ലോറിയിൽ മണ്ണുമാന്തി എത്തിച്ചത്. തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ മണ്ണുമാന്തിക്കു മുന്നിൽ നടത്തിയ പ്രതിഷേധം രാത്രി 8 മണിയോടെയാണ് അവസാനിച്ചത്.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
രാത്രിയിൽ ലോറിയിലുള്ള മണ്ണുമാന്തി ഇറക്കില്ല എന്ന് പോലീസ് നാട്ടുകാരെ അറിയിച്ചു. കൂടാതെ ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് പഞ്ചായത്തിൽ സർവകക്ഷിയോഗം ചേരും. ഇതിനുശേഷം തുടർ നടപടികളെക്കുറിച്ച് തീരുമാനം എടുക്കുമെന്ന് സമരക്കാർ അറിയിച്ചു. ശേഷമാണ് പോലീസും സമരക്കാരും പിരിഞ്ഞത്. തടഞ്ഞിട്ട മണ്ണുമാന്തിക്കു മുന്നിൽ കസേര നിരത്തി ഇതിൽ ഇരുന്നാണ് നാട്ടുകാർ പ്രതിഷേധം നടത്തിയത്.
പാറപൊട്ടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രദേശവാസികളുടെ സമരം. ആര്യനാടിനു പുറമേ സമീപ സ്റ്റേഷനുകളിൽനിന്നുള്ള പോലീസും സ്ഥലത്ത് എത്തി. പിന്നാലെ കാട്ടാക്കട ഡിവൈ.എസ്.പി. എൻ.ഷിബു, നെടുമങ്ങാട് ആർ.ഡി.ഒ. ജയകുമാർ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയിട്ടും ഫലം ഉണ്ടായില്ല. കനത്ത മഴയെപ്പോലും വകവയ്ക്കാതെയായിരുന്നു സമരം.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ, അംഗങ്ങളായ ഈഞ്ചപ്പുരി രാജേന്ദ്രൻ, എസ്.വി.ശ്രീരാഗ് തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്ഥലത്തെത്തി. മൈലമൂട്ടിൽ പാറഖനനം നടത്താനുള്ള നീക്കം തുടങ്ങിയതുമുതൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്‌കരിച്ച് ശക്തമായ സമരം നടത്തുകയാണ്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പഞ്ചായത്ത് ലൈസലൻസ് എഴുതിനൽകിയ ആര്യനാട് പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ വിശദീകരണം തേടിയിരുന്നു. തുടർന്ന് സെക്രട്ടറി നൽകിയ ലൈസൻസ് പ്രസിഡന്റ് റദ്ദാക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഈ നടപടി സർക്കാരിൽനിന്ന് അറിയിപ്പുണ്ടാകുന്നതുവരെ താത്കാലികമായി നിർത്തിവയ്ക്കാൻ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ 11-ന് കലക്ട്രേറ്റിൽ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയിൽ ഇതുസംബന്ധിച്ച് യോഗവും ചേർന്നിരുന്നു. ഇതിൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, അദാനി പോർട്ട് പ്രതിനിധികൾ, കാട്ടാക്കട ഡിവൈ.എസ്.പി., ആര്യനാട് ഇൻസ്പെക്ടർ, നെടുമങ്ങാട് തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
ആവശ്യമായ എല്ലാ ഉത്തരവുകളും അംഗീകാരങ്ങളും നിലവിലുണ്ടെന്നും ഹൈക്കോടതിയിൽനിന്ന് പോലീസ് സംരക്ഷണ ഉത്തരവും അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിനു ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. അതിനാൽ നിലവിലുള്ള അനുമതികൾ അനുസരിച്ച് ക്വാറി പ്രവൃത്തികൾ മുന്നോട്ടുപോകാവുന്നതാണെന്നും യോഗം തീരുമാനമായി പറയുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.