Recent-Post

വരയുത്സവം - പ്രീ പ്രൈമറി അധ്യാപകരുടെ ദ്വിദിന റെസിഡൻഷ്യൽ പരിശീലനം



നെടുമങ്ങാട്: പ്രീ പ്രൈമറി കുട്ടികളെ സ്വതന്ത്ര വരയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന പ്രീ പ്രൈമറി വിഭാഗത്തിന് വേണ്ടിയുള്ള രണ്ടാമത്തെ ഉത്സവമായ വരയുത്സവവുമായി ബന്ധപ്പെട്ട പ്രീ സ്കൂൾ റസിഡൻഷ്യൽ അധ്യാപക പരിശീലനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിശീലന കേന്ദ്രത്തിൽ വച്ച് നടന്നു. നെടുമങ്ങാട് ബി.ആർ.സി പരിധിയിൽ വരുന്ന 38 ഗവൺമെന്റ്‌ വിദ്യാലയങ്ങളിൽ നിന്നുള്ള ഹോണറേറിയം വാങ്ങുന്ന 58 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. 


ആദ്യദിവസത്തെ സെഷനുകളായ കഥയും വരയും, പ്രകൃതി ഒരു വരയിടം, കുഞ്ഞു വരയും വികാസ ഘട്ടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി. കഥയും വരയും എന്ന സെഷന്റെ ഭാഗമായി അഞ്ച് സങ്കേതങ്ങൾ അധ്യാപകർ പരിചയപ്പെടുകയും വര എങ്ങനെ മെച്ചപ്പെടുത്താം എന്ന ധാരണ നേടുകയും ചെയ്തു.


രണ്ടാം ദിവസം തീമും വര സാധ്യതകളും, പ്രീ- സ്കൂൾ വര സമീപനം, രക്ഷിതാക്കൾക്കുള്ള സെഷൻ, വരയുത്സവം എന്തിന്, മാർഗരേഖ പരിചയപ്പെടൽ എന്നീ സെഷനുകൾ നടത്തി. വരയുത്സവത്തെക്കുറിച്ച് ഏറെ ആശങ്കയുമായാണ് അധ്യാപകർ പരിശീലനത്തിന് വന്നത് എന്നാൽ പരിശീലനത്തിനു ശേഷം കുട്ടികൾക്ക് സ്വതന്ത്രമായ വരയനുഭവങ്ങൾ മികച്ച രീതിയിൽ നൽകാൻ കഴിയും എന്ന ആത്മവിശ്വാസം അധ്യാപകർ പ്രകടിപ്പിച്ചു.

ബി.ആർ.സി ട്രെയിനർ നെടുമങ്ങാട് സ്റ്റെല്ലാ റാണി അധ്യക്ഷയായ ഉദ്ഘാടന യോഗത്തിന് ബി.ആർ.സി നെടുമങ്ങാട് ബി.പി.സി ഇൻ ചാർജ് ഗംഗ സ്വാഗതം പറഞ്ഞു. റിസോഴ്സ് പേഴ്സൺമാരായ ബിന്ദു, സിന്ധു, സ്റ്റെല്ലാ റാണി എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ബി.ആർ.സി നെടുമങ്ങാട് സി.ആർ.സി.സി സിന്ധു നന്ദിപറഞ്ഞു. തുടർന്ന് അധ്യാപകർ പന്തിവര നടത്തി അതിന്ശേഷം വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

Post a Comment

0 Comments