Recent-Post

ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ യുവതിക്കുനേരേ ലൈംഗിക അതിക്രമവും കൈയ്യേറ്റവും നടത്തിയ പ്രതി പിടിയിൽ



കഴക്കൂട്ടം:
കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങിയ യുവതിക്കുനേരേ ലൈംഗിക അതിക്രമവും കൈയ്യേറ്റവും നടത്തിയ പ്രതി പിടിയിൽ. കഴക്കൂട്ടം മേനംകുളം മണക്കാട്ടുവിളാകം വിളയിൽ വീട്ടിൽ അനീഷ്(25) ആണ് പിടിയിലായത്.




കഴക്കൂട്ടം ദേശീയപാത ബൈപ്പാസിൽ ഇൻഫോസിസ് യുഎസ്‌ടി ക്യാമ്പസുകൾക്ക് സമീപം എസ്എൻ നഗർ സർവീസ് റോഡിൽ ഞായറാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബൈപ്പാസിന് സമീപത്തെ ഹൈപ്പർ മാർക്കറ്റിലെ റസ്റ്റോറൻ്റ് ജീവനക്കാരിയായ നാഗാലാഡ് സ്വദേശിനിക്കാണ് യുവാവിൽനിന്ന് കൊടിയ പീഡനം ഏൽക്കേണ്ടിവന്നത്.


ബൈക്കിലെത്തിയ യുവാവ് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട്, വാഹനം നിർത്തിയശേഷം യുവതിയെ കടന്നു പിടിക്കുകയായിരുന്നു. നിലവിളിച്ച് കൊണ്ട് കുതറിമാറിയ യുവതിയെ സർവീസ് റാേഡിലെ അഞ്ചടി താഴ്ചയുള്ള ഓടയിലേക്ക് തള്ളിയിട്ടശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.


അലറി നിലവിളിച്ച യുവതി പ്രാണരക്ഷാർഥം യുവാവിന്റ കൈവിരലിൽ കടിച്ചു. ഇതിൽ അരിശം പൂണ്ട യുവാവ് യുവതിയുടെ മുഖത്ത് അടിച്ചശേഷം ഓടയിലെ കോൺക്രീറ്റ് ഭിത്തിയിൽ യുവതിയുടെ മുഖം പിടിച്ച് ഉരക്കുകയും ഓടയുടെ കോൺക്രീറ്റ് തറയിൽ യുവതിയുടെ തല പിടിച്ച് ശക്തിയായി ഇടിക്കുകയും ചെയ്തു.


ഈ സമയം യുവതിയെ കൂട്ടിക്കൊണ്ടുപോകാനായി വരുകയായിരുന്ന ഭർത്താവ് അലർച്ച കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും ഇരുട്ടിൻ്റെ മറവിൽ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് റസ്റ്റോറന്റിലെ ജീവനക്കാരും തുമ്പ പോലീസും സംഭവസ്ഥലത്തെത്തി.

പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതോടെ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയെത്തിയ ടൂവീലറിൻ്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മേനംകുളത്തെ വീട്ടിൽനിന്ന് തുമ്പ എസ്എച്ച്ഒ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

യുവതിയുമായി മൽപിടുത്തത്തിനിടയിൽ ചെളി പുരണ്ട ഇയാളുടെ ഉടുപ്പും വീട്ടിൽനിന്ന് അനേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി തുമ്പ പോലീസ് ഈ ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഈ സംഭവത്തിന് തൊട്ട് മുമ്പ് തുമ്പ പോലീസിൻ്റെ നെെറ്റ് പട്രോൾ ഇതുവഴി കടന്നുപോയ തക്കത്തിനാണ് പ്രതിയുടെ ആക്രമണം.

Post a Comment

0 Comments