Recent-Post

വിവാഹമുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി



 

കല്ലമ്പലം: വിവാഹമുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് വധു കാമുകനൊപ്പം ഒളിച്ചോടി. മകളുടെ വിവാഹത്തിനായി ആയിരങ്ങളെ വിളിച്ചു വരുത്തി തയ്യാറായി നിന്ന വധുവിന്റെ മാതാപിതാക്കള്‍ വിവരമറിഞ്ഞ് വിവാഹവേദിയില്‍ കുഴഞ്ഞു വീണു. കല്ലമ്പലത്താണ് സംഭവം. വിവാഹം മുടങ്ങിയതോടെ വരന്റെ വീട്ടുകാര്‍ രംഗത്തിറങ്ങിയെങ്കിലും മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വാക്കു തര്‍ക്കത്തില്‍ കാര്യങ്ങള്‍ ഒതുങ്ങി. വരന്റെ കൃത്യമായ ഇടപെടലും പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
 

വടശ്ശേരിക്കോണം സ്വദേശിനിയായ യുവതിയുടെയും ഇടവ മാന്തറ സ്വദേശിയായ യുവാവിന്റെയും വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഇരുവരും പലതവണ സംസാരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച കല്ലമ്പലത്തെ ഓഡിറ്റോറിയത്തില്‍ വച്ച് രാവിലെ 11.25നും 12നും മദ്ധ്യേയാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ ഓഡിറ്റോറിയത്തില്‍ എത്തുകയും ചെയ്തിരുന്നു. വധുവിന് ഒരുങ്ങാനുള്ള സൗകര്യം ചെയ്തിരുന്നത് ബ്യൂട്ടിപാര്‍ലറില്‍ ആയിരുന്നു. ഇതിനായി വധു രാവിലെ തന്നെ ബ്യൂട്ടിപാര്‍ലറിലേക്ക് പോകുകയും ചെയ്തു.


എന്നാല്‍, ബ്യൂട്ടിപാര്‍ലറില്‍ പോയിരുന്ന കല്യാണപ്പെണ്ണിനെ മുഹൂര്‍ത്ത സമയമായിട്ടും കാണാതെ വന്നതോടെയാണ് പ്രശ്‌നങ്ങളാരംഭിച്ചത്. വധുവിനെ തിരക്കി പോയവരാണ് പെണ്‍കുട്ടി ഒളിച്ചോടിയ വിവരം അറിയിക്കുന്നത്. പെണ്‍കുട്ടി കാമുകന്റെ ഒപ്പമാണ് ഒളിച്ചോടിയതെന്നും പിന്നാലെ അറിഞ്ഞു. സംഭവമറിഞ്ഞ വധുവിന്റെ മാതാപിതാക്കള്‍ മണ്ഡപത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.


വധു നാടുവിട്ട വിവരം അറിഞ്ഞ് വരന്റെ ബന്ധുക്കള്‍ രംഗത്തിറങ്ങി. വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയില്ല. ഇതിനിടെ വരനും പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. വരന്റെ സമയോചിതമായ ഇടപെടല്‍ മൂലം വരന്റെ വീട്ടുകാര്‍ വാക്കു തര്‍ക്കങ്ങളില്‍ നിന്നും പിന്മാറുകയും ചെയ്തു.

നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 

ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പെണ്‍കുട്ടി ഒളിച്ചോടിയ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഏകദേശം 1200ഓളം പേര്‍ക്കുള്ള സദ്യയാണ് വിവാഹത്തിന് തയ്യാറാക്കിയിരുന്നത്.


Post a Comment

0 Comments