Recent-Post

എ.ഐ. ക്യാമറ; അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു



തിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. 2022 ജൂലൈ മാസത്തില്‍ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളില്‍ നിന്ന് 313 പേര്‍ക്ക് ജീവൻ നഷ്ടമായി. എന്നാൽ എ.ഐ. ക്യാമറ സ്ഥാപിച്ച് രണ്ടാം മാസമായ 2023 ജൂലൈയിൽ സംസ്ഥാനത്ത് 1201 റോഡപകടങ്ങളില്‍ 67 പേരാണ് മരണപ്പെട്ടതെന്ന് ആന്റണി രാജു പറഞ്ഞു. ക്യാമറകളുടെ പ്രതിമാസ അവലോകനത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡപകടങ്ങളിൽ പരിക്കുപറ്റിയവർ ആശുപത്രികളിലുള്ളതിനാൽ മരണത്തിന്റെ എണ്ണത്തില്‍ ഇനിയും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവന്‍ രക്ഷിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.


ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 15,83,367എണ്ണം വെരിഫൈ ചെയ്തിട്ടുണ്ട്. 3,82,580 എണ്ണങ്ങളുടെ ചെല്ലാനുകൾ തയ്യാറാക്കിയതായും 3,23,604 എണ്ണം തപാലിൽ അയച്ചതായും മന്ത്രി പറഞ്ഞു. നടപടികൾക്കായി കൂടുതല്‍ ജീവനക്കാരെ നിയമിച്ചിനാൽ കഴിഞ്ഞ മാസത്തിനേക്കാൾ നിയമ ലംഘനങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments