
നെടുമങ്ങാട്: മഴയിലും ശക്തമായ കാറ്റിലുംപ്പെട്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. രണ്ട് വീടുകളുടെ മുകളിലേക്ക് മരം വീണ് വീടുകൾ തകർന്നു. പെരിങ്ങമ്മല ഇടിഞ്ഞാറിൽ പമ്പുഹൗസിനു സമീപം തേക്കുമരം കടപുഴകി വീണ് വീടും കടയും നശിച്ചു. വീടിനോടു ചേർന്നുള്ള ചായക്കടയ്ക്കു മുകളിൽ കൂടി റോഡിനു മറുഭാഗത്തെ വനത്തിൽ നിന്ന കൂറ്റൻമരം വീണു. വീടിന്റെ മേൽക്കൂരയും കടയുടെ ഒരുഭാഗവും തകർന്നു.


സമീപത്തെ 11 കെ.വി. വൈദ്യുതലൈനിനു മുകളിൽക്കൂടിയാണ് മരംവീണത്. ഏറെ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന മരം മുറിച്ചുമാറ്റിയത്. ബ്രൈമൂർ റോഡിൽ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. ഉച്ചയോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
തൊളിക്കോട് പരപ്പാറയിലും മരം വീണ് വീട് തകർന്നു. പരപ്പാറ മൊട്ടമൂട് തടത്തരികത്തുവീട്ടിൽ ഫാത്തിമുത്തുവിന്റെ വീടിനു മുകളിലേക്കാണ് റബ്ബർമരം വീണത്. വീടിനു സമീപത്തുനിന്ന വലിയമരം കെട്ടിടത്തിനു മുകളിലേക്കു വീഴുകയായിരുന്നു. വീടിന്റെ ഒരുഭാഗത്തെ മേൽക്കൂര മുഴുവൻ തകർന്നു. മറുഭാഗത്തെ ഓടുകളും ഇളകിമാറി. വിതുരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്. കൃഷിയിടങ്ങളിലും വെള്ളം കയറി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.