Recent-Post

ഒന്നാം വാർഷിക നിറവിൽ നെടുമങ്ങാട് ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റ്



നെടുമങ്ങാട്: നഗരസഭയിലെ കരിപ്പൂര് ഉഴപ്പാക്കോണം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം പകരാൻ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. കിടപ്പ് ചികിത്സ, യൂനാനി ചികിത്സ, ഫിസിയോതെറാപ്പി യൂണിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ നടപ്പാക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



നാഷണൽ ആയുഷ് മിഷൻ കേരളയുടെ ഭാഗമായുള്ള ചികിത്സാകേന്ദ്രത്തിൽ ആയുർവേദം, സിദ്ധവൈദ്യം, ഹോമിയോപ്പതി വിഭാഗങ്ങളിലായി മൂന്ന് ഡോക്ടർമാരുടെ സേവനം നിലവിൽ ലഭ്യമാണ്. പ്രതിദിനം ഇരുന്നൂറിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. സമീപകാലത്തായി യോഗ നാച്ചുറോപ്പതി യൂണിറ്റ് പ്രവർത്തനമാരംഭിച്ച് യോഗ പരിശീലനവും നൽകി വരുന്നു. ഘട്ടംഘട്ടമായി യോഗ പരിശീലനം നഗരസഭയിലെ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ആഴ്ചയിൽ രണ്ട് ദിവസം രാജീവ്ഗാന്ധി ബയോടെക്‌നോളജി ലാബിന്റെ സേവനവും ഇവിടെ ലഭിക്കും.


നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയുഷ് മിഷൻ ഡയറക്ടർ സജിത് ബാബു മുഖ്യാതിഥി ആയിരുന്നു. നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സെക്രട്ടറി ബീന.എസ്.കുമാർ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments