തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽ നിന്ന് ആറാക്കി ഉയർത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉൽപ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും.
നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക
ജവാൻ റമ്മിന്റെ ഉത്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ്, മദ്യം നിർമ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സംഭരണം 20 ലക്ഷം ലിറ്ററിൽ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയർത്താൻ സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാൻ കഴിയും.
കൂടാതെ ഇനി മുതൽ ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവിൽ ഒരു ലിറ്റർ മാത്രമാണ് വിപണിയിൽ ലഭ്യമായിട്ടുള്ളൂ. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്. ഒരു മാസം 1.5 ലക്ഷം കെയ്‌സ് ജവാൻ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റർ ജവാൻ റമ്മിന് വില. അര ലിറ്ററിൽ ലഭ്യമാകുന്നതോടെ കൂടുതൽ ജനപ്രിയമാകാനുള്ള സാധ്യതയുമുണ്ട്. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കൂടുതൽ ജവാൻ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് എല്ലാ മദ്യങ്ങൾക്കും വില വർദ്ധിച്ചിരുന്നു. മുൻപ് 610 രൂപയ്ക്ക് ലഭിച്ച ജവാൻ റം ഒരു ലിറ്റർ ബോട്ടിലിന് 640 രൂപയായി. മദ്യപാനികൾക്കിടെയിൽ ഏറ്റവും ആരാധകരുള്ള മദ്യമാണ് ജവാൻ. കഴിഞ്ഞ വർഷം ജവാൻ റമ്മിന്റെ ഉത്പാദനം നിർത്തിവച്ചിരുന്നു. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നായിരുന്നു തീരുമാനം.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.