
തിരുവനന്തപുരം: താലൂക്ക് തല അദാലത്ത് വേദിയിലേക്ക് ആർസിസിയുടെ വാഹനത്തിൽ പതിനൊന്ന് വയസുകാരൻ മന്ത്രി ജി ആർ അനിലിനെ കാണാനെത്തി. പേര് മുഹമ്മദ് സൽമാൻ. കാൻസർ രോഗിയായ മുത്തശ്ശിയുമായി അവൻ എത്തിയത് റേഷൻ കാർഡ് വേണമെന്ന ആവശ്യവുമായി. രോഗിയായ ഗുൾഷൻ ഖാത്തൂണിന്റെ ചികിത്സയ്ക്കായി നാല് ലക്ഷം രൂപ ചെലവാകും. മുൻഗണന കാർഡുള്ളവർക്ക് സൗജന്യ ചികിത്സ ലഭിക്കുമെന്ന് അറിഞ്ഞാണ് കുടുംബം അദാലത്തിലേക്ക് എത്തിയത്.

ബിഹാർ സ്വദേശികളായ കുടുംബം കഴിഞ്ഞ ഇരുപത് വർഷമായി പൂന്തുറയിൽ സ്ഥിര താമസക്കാരാണ്. ഗുൾഷൻ ഖാത്തൂണിന്റെ മകൻ മുഹമ്മദ് ഇസ്ലാം ഓടക്കുഴൽ വില്പന നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. നാല് കുട്ടികൾ ഉൾപ്പടെ ഏഴ് പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും ഇസ്ലാമാണ്. അമ്മയുടെ ചികിത്സയ്ക്കായി ഇത്രയധികം തുക കണ്ടെത്തുന്നത് അസാധ്യമാണ്. ആർസിസിയിൽ ചികിത്സയിൽ കഴിയവേയാണ് അദാലത്തിനെ കുറിച്ച് ഇവർ അറിഞ്ഞത്. കുടുംബത്തിന്റെ പരിതസ്ഥിതി മനസിലാക്കിയ ആർസിസി വെൽഫയർ ഓഫിസർ ആശയുടെയും, ലേയ്സൺ ഓഫീസർ രാജഗോപാലിന്റെയും സഹായത്തോടെ വേദിയിലെത്തി റേഷൻ കാർഡിനുള്ള അപേക്ഷ നൽകി. നിമിഷനേരത്തിൽ നടപടികൾ പൂർത്തിയാക്കി, മുൻഗണന റേഷൻ കാർഡ് കയ്യിൽ നൽകി.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.