Recent-Post

ആശുപത്രിയിൽ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു

 

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിയായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിനാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേരെ ഇയാള്‍ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.



ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പൊലീസുകാരായ അലക്‌സ്, ബേബി മോഹന്‍, മണിലാല്‍, സന്ദീപിന്റെ ബന്ധു ബിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരിക്ക് അടിമയായതിനാല്‍ സസ്പെന്‍ഷനിലായിരുന്നു അധ്യാപകനായ സന്ദീപ്.

അതേസമയം ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) അറിയിച്ചു. കൊല്ലത്ത് ഡോക്ടര്‍മാര്‍ പൂര്‍ണമായും പണിമുടക്കും.
 

Post a Comment

0 Comments