Recent-Post

സംസ്ഥാനത്ത് ചൂട് കനക്കും; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത



 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വൈകുന്നേരം മഴ ശക്തമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.


ബുധനാഴ്ച പത്തനംതിട്ടയിലും വ്യാഴാഴ്ച എറണാകുളത്തും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അഞ്ച് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. സാധാരണയേക്കാള്‍ രണ്ടു മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. കനത്ത ചൂട് തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ ജാഗ്രത പൊതുജനങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


പാലക്കാട്, കോട്ടയം, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ചൂട് കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ല ചുട്ടുപൊള്ളുകയാണ്. 40 ഡിഗ്രിക്ക് അടുത്ത ചൂടാണ് ജില്ലയില്‍ രേഖപ്പെടുത്തുന്നത്. പാലക്കാട് ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസായിരിക്കും. ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിൽ 37 ഡിഗ്രിയും എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ 36 ഡിഗ്രി താപനിലയും രേഖപ്പെടുത്തിയിരിക്കുന്നത്.

ജാഗ്രത നിര്‍ദേശങ്ങള്‍

പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്ന ജോലികളിലും പരിപാടികളിലും ഏര്‍പ്പെടുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.

ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന പൊതുജനങ്ങള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.

ധാരാളം വെള്ളം കുടിക്കുകയും ജലാംശമുള്ള പഴങ്ങളും മറ്റും കഴിക്കാന്‍ ശ്രമിക്കുക.

തുടര്‍ച്ചയായി ശരീരത്തില്‍ വെയില്‍ ഏല്‍ക്കാതെ നോക്കുകയും ഇടക്കിടക്ക് വിശ്രമിക്കാന്‍ ശ്രദ്ധിക്കുകയും വേണം. 

പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പരമാവധി തണലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം.

ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും ഉചിതം. നിര്‍ബന്ധമായും പാദരക്ഷകള്‍ ഉപയോഗിക്കണം.

ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിയുള്ളവര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഉച്ച സമയത്തുള്ള നേരിട്ട് വെയിലേല്‍ക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പരിപാടികളുടെ സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ബന്ധപ്പെട്ട വകുപ്പ് കര്‍ശനമായി ഉറപ്പ് വരുത്തണം. 

ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം.പൊതുപരിപാടികള്‍ നടക്കുന്ന പ്രദേശങ്ങളിലെ ഹെല്‍ത്ത് സെന്ററുകള്‍, സര്‍ക്കാര്‍സ്വകാര്യ ആശുപത്രികള്‍ എന്നിവ തയ്യാറെടുപ്പ് നടത്തണം. 

സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്‌നങ്ങളുമായി കൂടുതല്‍ ആളുകള്‍ ഒരുമിച്ച് എത്തിയാലും ആവശ്യമായ അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കണം തയ്യാറെടുപ്പുകള്‍.
ആംബുലന്‍സുകള്‍ സജ്ജീകരിച്ച് നിര്‍ത്തേണ്ടതുമാണ്.

വലിയ പരിപാടികള്‍ നടക്കുന്ന ഇടങ്ങളില്‍ ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കാനുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം.



Post a Comment

0 Comments