Recent-Post

മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ



 

അമരവിള: മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ. കൊല്ലം പെരിനാട് ചന്ദനത്തോപ്പ് ചാത്തിനാംകുളം പടിഞ്ഞാറ്റതിൽ മുടന്തിയാരുവിള വീട്ടിൽ സൂരത്ത് എസ് (22) എന്ന നഴ്സിംഗ് വിദ്യാർത്ഥിയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.



ഇന്ന് രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ ആണ് 47 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. ബാംഗ്ലൂരിൽ പഠിക്കുന്ന ഇയാൾ അവിടെനിന്നും 50000 രൂപക്ക് വാങ്ങി കൊല്ലം ഭാഗത്ത് ഗ്രാം ഒന്നിന് 5000 രൂപ നിരക്കിൽ വിൽപ്പന നടത്തുവാൻ വേണ്ടി കൊണ്ടുവരുന്നതിനിടയിലാണ് എക്‌സൈസിന്റെ പിടിയിലാകുന്നത്. ഇയാൾ ലഹരിക്ക് അടിമയുമാണെന്നാണ് എക്സൈസ് പറയുന്നത്.


അര ഗ്രാം എംഡിഎംഎ കൈവശം വയ്ക്കുന്നത്പോലും 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. ഇയാളിൽ നിന്നു ലഭിച്ചിരിക്കുന്നത് വ്യാവസായിക അളവിൽ ആണ്. ഏറ്റവും കുറഞ്ഞത് പത്ത് കൊല്ലം മുതൽ പരമാവധി 20 കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബിനോയ്, പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, കൃഷ്ണരാജ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments