
നെടുമങ്ങാട്: നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ വേനൽ മഴയും ആഞ്ഞുവീശിയ കാറ്റും വ്യാപക നാശം വിതച്ചു. തിരുവനന്തപുരം ചെങ്കോട്ട റൂട്ടിൽ ചുളളിമാനൂർ ജംഗ്ഷന് സമീപം നിന്ന വൻമരം ഒടിഞ്ഞുവീണ് നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് പോസ്റ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


മരം വീണതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിസിറ്റി ജീവനക്കാരും സംഭവ സ്ഥലത്തെത്തി വൈദ്യുതിയും പുനഃസ്ഥാപിച്ചു. പഴകുറ്റി, ആനാട്, ചുള്ളിമാനൂർ, കരിപ്പൂര് എന്നീ പ്രദേശങ്ങളിലും വീശിയ കാറ്റ് വൻനാശമുണ്ടാക്കി. നെടുമങ്ങാട് ഫയർഫോഴ്സ്, അപകടകരമായ നിലയിൽ മരം ഉണങ്ങി നിന്നിട്ടും മരം മുറിച്ചു മാറ്റാനുളള ഒരു നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.

\

സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിന്ന് നിരവധി മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം ഉണ്ടായി. മൂഴി ജംഗ്ഷന് സമീപം മൂഴി - വേങ്കവിള റോഡിൽ സ്മാരക ജംഗ്ഷന് സമീപവും, മണ്ണയിലും മരങ്ങൾ ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ആനാട് സ്വദേശി രാധാകൃഷ്ണന്റെ കൃഷിയിടത്തിലെ 270 ഓളം ഏത്തവാഴ കട്ടിൽ നിലംപൊത്തി. പുത്തൻപാലം തത്തൻകോട്ടും വൈദ്യുത പോസ്റ്റിനുമുകളിൽ മരം കടപുഴകി വീണു. പലസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും കാറ്റിൽ പറന്നുപോയി. കരുപ്പൂരിൽ രണ്ടുപേർക്ക് മിന്നലേറ്റു. മറ്റ് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെമ്പായം തേവലക്കാട്ട് ആരിഫ ബീവിയുടെ വീടിന് മുകളിൽകൂടി മരം വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.