Recent-Post

ആഡംബര ഹോട്ടലുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിൽ ലഹരി പാർട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസ് പിടിയിലായി




കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകൾ, സ്വകാര്യ റിസോർട്ടുകൾ എന്നിവിടങ്ങളിൽ ലഹരി പാർട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി എക്സൈസ് പിടിയിലായി. മോഡലിംഗ് ആർട്ടിസ്റ്റായ ചേർത്തല ആർത്തുങ്കൽ സ്വദേശി 29 വയസ്സുള്ള റോസ് ഹമ്മ (ഷെറിൻ ചാരു) എന്നറിയപ്പെടുന്ന ഇവരെ എറണാകുളം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബി. ടെനിമോൻ്റെ മേൽനോട്ടത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ടീമാണ് പിടികൂടിയത്. ഇവരിൽനിന്ന് വിപ്പനയ്ക്കായി കൊണ്ടുവന്ന 1.90 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

 


ഉപഭോക്താക്കൾക്കിടയിൽ ''സ്നോബോൾ'' എന്ന പേരിലാണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്. രാത്രികാലങ്ങളിൽ മാത്രം മയക്കുമരുന്നുമായി പുറത്തിറങ്ങിയിരുന്ന ഇവർ ഉപഭോക്താക്കളുടെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചാണ് മയക്കുമരുന്ന് കൈമാറ്റം ചെയ്തിരുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എക്സൈസ് പിടികൂടിയവർ, ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുകയും പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ഇവരെക്കുറിച്ച് സൂചനകൾ നൽകിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലായിരുന്നു. കൊച്ചിയിലെ കൊട്ടേഷൻ ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് നല്ല ബന്ധമുള്ളതിനാൽ അത്തരത്തിൽ പിടിക്കപ്പെടുന്നവരും ഇവരെക്കുറിച്ച് വ്യക്തമായിട്ടുള്ള സൂചനകൾ ഒന്നും തന്നെ നൽകിയിരുന്നില്ല.


അടുത്തിടെ ഇവരുടെ ഇടനിലക്കാരനായ ഒരു യുവാവിനെ എക്സൈസ് സ്പെഷ്യൽ ആക്ഷൻ ടീം പിടികൂടിയതോടെയാണ് ഹമ്മയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ എക്സൈസിനെ ലഭ്യമായത്. വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്തുനിൽക്കവെയാണ് ഇവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലാകുമെന്ന് മനസ്സിലായപ്പോൾ ഇവർ അതുവഴി വന്ന വാഹനം കൈകാണിച്ചു നിർത്തി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും എക്സെസ് സംഘത്തിൻ്റെ പിടിയിലകപ്പെട്ടു. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് ലഹരി പദാർത്ഥങ്ങൾ കൈമാറിയിരുന്ന ഇവർ കൊച്ചി കേന്ദ്രീകരിച്ച് ഒരു വൻ നെറ്റ് വർക്കിൻ്റെ പ്രധാന കണ്ണിയാണ്, തുടരന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വെളിച്ചത്തു വരും.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാർ ഇൻസ്പെക്ടർ, എം എസ് ഹനീഫ, പ്രിവൻ്റീവ് ഓഫീസർ അജയകുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ മാരായ എൻ ഡി ടോമി, ഹർഷകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.


Post a Comment

0 Comments