Recent-Post

പഴവടി ഗണപതി ക്ഷേത്ര റോഡിൽ മദ്യപശല്യവും സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാകുന്നു





നെടുമങ്ങാട്: 
പഴവടി ഗണപതി ക്ഷേത്ര റോഡിൽ മദ്യപശല്യവും സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാകുന്നു. കല്ലമ്പാറയിൽ നിന്നും പഴവടി ഗണപതി ക്ഷേത്രത്തിലേയ്ക്കും അവിടെ നിന്നും കുന്നിൻപുറത്തേയ്ക്കുമുള്ള (വിനായക നഗർ) റോഡിലെ പത്തോളം പോസ്റ്റുകളിൽ തെരുവ് വിളക്കുകൾ കുത്തുന്നത് വല്ലപ്പോഴുമാണ്. ഇത് സാമൂഹ്യ വിരുദ്ധർക്ക് അഴിഞ്ഞാടാൻ മുതൽക്കൂട്ടാവുകയാണെന്നു പ്രദേശവാസികൾ പറയുന്നു. കെഎസ്ഇബിയിൽ പരാതിപെട്ടാൽ രണ്ട് ദിവസം ലൈറ്റ് കത്തും, പിന്നെ വീണ്ടും പഴയപടി. 

രണ്ടു വാർഡുകളുടെ അതിർത്തിയായതിനാൽ രണ്ട് കൗൺസിലർമാരോടും പരാതി പറഞ്ഞിട്ടും ലൈറ്റ് സ്ഥിരമായി കത്തിക്കാൻ നടപടി ഉണ്ടാവുന്നില്ല. സന്ധ്യ ആയാൽ ഈ റോഡ് മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും ഇടത്താവളമാണ്. മദ്യപാനികൾക്ക് സൗകര്യം ഒരുക്കാൻ വേണ്ടി തെരുവ് വിളക്കുകൾ മനഃപൂർവം കത്തിക്കാത്തതാണെന്നു ആക്ഷേപം ഉണ്ട്‌.


നെടുമങ്ങാട് ഓട്ടമഹോത്സവത്തോടനുബന്ധിച്ച് ഈ പ്രദേശം വൃത്തിയാക്കുന്നതിനിടയിൽ നൂറുകണക്കിന് മദ്യ കുപ്പികളാണ് കിട്ടിയത്. ഈ റോഡിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്തു അതിൽ ഇരുന്ന് മദ്യപിക്കുന്നവരും ധാരാളമാണ്. ഇതു സമീപവാസികൾക്ക് തീരാ ദുരിതമാണ്. പ്രഭാത സവാരിക്ക്‌ പോകുന്ന വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്കും തെരുവ് വിളക്കുകൾ കത്താത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അടിയന്തിമായി പ്രശ്നം പരിഹരിക്കണമെന്ന് സ്ഥലവാസികൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments