
.png)
1980-ൽ മാതൃഭൂമിയിൽ ചേർന്ന ജി. ശേഖരൻ നായർ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയർത്തിയ വിവാദങ്ങളെത്തുടർന്ന് കെ. കരുണാകരൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആർ. രാമചന്ദ്രൻനായർ രാജിവെച്ചിരുന്നു.

1999-ൽ കൊളംബോയിൽ സാർക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലെ അംഗമായിരുന്നു. 1993-ൽ ശ്രീലങ്കൻ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2007-ൽ മാതൃഭൂമിയുടെ അന്നത്തെ മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിനൊപ്പം ബെൽഗ്രേഡിൽനടന്ന ഇന്റർനാഷണൽ പ്രസ് ഏജൻസിയുടെ 58-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്തു.

25 വർഷം നിയമസഭാ സമ്മേളനം റിപ്പോർട്ടു ചെയ്തതിന് നിയമസഭ ആദരം നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പിലെ അഴിമതി പുറത്തുകൊണ്ടുവന്ന 'കൈക്കൂലിക്ക് ലൈസൻസ് കിട്ടിയവർ' എന്ന പരമ്പരയ്ക്ക് 1985-ൽ വികസനോൻമുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരം ലഭിച്ചു. 1986-ൽ 'ആതുരസേവനത്തിന്റെ മറവിൽ' എന്ന പരമ്പരയിലൂടെ ആരോഗ്യരംഗത്തെ അഴിമതി തുറന്നുകാണിച്ചു. തുടർന്ന് പ്രസിദ്ധീകരിച്ച 'പ്രാണവായു തേടുന്ന ആരോഗ്യരംഗം' എന്ന പരമ്പര ആരോഗ്യരംഗത്തെ കൂടുതൽ ക്രമക്കേടുകൾ വെളിപ്പെടുത്തുന്നതായി. ഇതിന്റെ പശ്ചാത്തലത്തിൽ അന്നത്തെ ആരോഗ്യമന്ത്രി ആർ.രാമചന്ദ്രൻ നായർക്ക് സ്ഥാനമൊഴിയേണ്ടിവന്നു. 1991-ൽ 'ഹൗസിങ് ബോർഡ് എന്ന ബ്ലേഡ് കമ്പനി' എന്ന പരമ്പരയ്ക്ക് പുരസ്കാരം ലഭിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് കേരളത്തിൽ സ്വീകാര്യത ലഭിക്കുന്നതിൽ ഈ റിപ്പോർട്ടുകൾക്ക് നിർണായക പങ്കുണ്ട്.

കെ. വിജയരാഘവൻ പുരസ്കാരം, മലബാർ ചേംബർ ഓഫ് കൊമേഴ്സ് അവാർഡ്, വി.കെ. കൃഷ്ണമേനോൻ സ്മാരക സമിതി അവാർഡ്, ഷാർജ മലയാളി അസോസിയേഷൻ അവാർഡ് എന്നിവ ഉൾപ്പെടെ മുപ്പതിൽപ്പരം അവാർഡുകൾ ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിയായും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പദ്മതീർഥക്കരയിൽ, മഴകൊണ്ടുമാത്രം മുളയ്ക്കാത്ത വിത്തുകൾ എന്നീ പുസ്തകങ്ങളുടെ കർത്താവാണ്.
തിരുവനന്തപുരം പുഞ്ചക്കരിയിൽ കെ. ഗോവിന്ദപ്പിള്ള, ബി. ഗൗരിക്കുട്ടിയമ്മ ദമ്പതിമാരുടെ മകനാണ്. തിരുവല്ലം ബി.എൻ.വി. ഹൈസ്കൂൾ, തിരുവനന്തപുരം ഗവ. ആർട്സ് കോളേജ്, എം.ജി. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭാര്യ: ഡോ. പി. രാധാമണി അമ്മ (റിട്ട. അധ്യാപിക). മക്കൾ: ദീപാ ശേഖർ (ഹിന്ദുസ്ഥാൻ ലാറ്റക്സ് ആക്കുളം), ദിലീപ് ശേഖർ (കണ്ണൂർ എയർപോർട്ട്). മരുമക്കൾ: ഡോ. എം.കെ.മനു, ചിന്നു ആർ.നായർ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.