Recent-Post

കുടുംബശ്രീയുടെ പുത്തൻ ചുവട് വയ്പ്പ്; ആനപ്പാറയിൽ സായാഹ്ന ചന്ത തുടങ്ങി




ആനപ്പാറ: ആനപ്പാറ വാർഡിലെ കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ സായാഹ്ന ചന്തയെന്ന പുതിയൊരു ആശയത്തിന് തുടക്കമായി. കുടുംബശ്രീ അംഗങ്ങളുടെ സംരംഭങ്ങൾ പ്രാദേശികമായി വിപണനം നടത്തുന്നതിനായി ആനപ്പാറ വാർഡിലെ എ.ഡി.എസിന്റെ നേതൃത്വത്തിൽ സായാഹ്ന ചന്ത ആരംഭിച്ചു. വനിതകൾക്ക് ഉപജീവന സാധ്യതകൾ കണ്ടെത്തുന്നതിനും വിഷരഹിതമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തികമായ ഉന്നമനം നേടുന്നതിനുമൊക്കെയുള്ള ചെറിയൊരു ചുവട് വയ്പ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അറിയിച്ചു.



സായാഹ്ന ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.വി.എസ്.ബാബുരാജ് നിർവ്വഹിച്ചു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർപേഴ്സൺ സി.എസ്. ഉഷാകുമാരി ആദ്യ വിൽപ്പന നടത്തി. എ.ഡി.എസ് ചെയർപേഴ്സൺ അംബിക, സെക്രട്ടറി രഞ്ചന, സി.ഡി.എസ് അംഗം ജ്യോതിർമയി, എ.ഡി.എസ് വൈസ് ചെയർപേഴ്സൺ നയന, അംഗങ്ങളായ മിനി, ഗ്രേസമ്മ സാമുവൽ, ശ്രീജ തുടങ്ങിയവർ സന്നിഹിതരായി.


ഭക്ഷണ വസ്തുക്കളും, പച്ചക്കറിയും, പാൽ ഉൽപ്പന്നങ്ങളും, നാടൻ വെളിച്ചെണ്ണയും, നാടൻ അച്ചാറുകളും, നാടൻ മുട്ടയും വിവിധയിനം പായസവും ഒക്കെയായി സായാഹ്ന ചന്ത വിഭവ സമൃദ്ധമായിരുന്നു. അയൽക്കൂട്ട അംഗങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും വലിയ പിന്തുണയും സാന്നിധ്യവുമുണ്ടായിരുന്നു . കൊണ്ട് വന്ന മുഴുവൻ പേരുടെയും ഉൽപ്പന്നങ്ങൾ പൂർണമായും വിറ്റഴിക്കാനും കഴിഞ്ഞിട്ടുണ്ട്.


എല്ലാ മാസവും രണ്ടാം ശനിയാഴ്ച ദിവസം വൈകിട്ട് 4 മണി മുതൽ ആനപ്പാറ ജംഗ്ഷനിലെ വാർഡ് മെമ്പറുടെ ഓഫീസിന് മുന്നിലായാണ് സായാഹ്ന ചന്ത പ്രവർത്തിക്കുന്നത്.

Post a Comment

0 Comments