Recent-Post

അരുവിക്കര ശിവ പാർക്കിൽ അനധികൃതമായി ചെടികളും മരങ്ങളും മുറിച്ചുമാറ്റി ജല അതോറിറ്റി




അരുവിക്കര: അരുവിക്കര ഡാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന ജലവകുപ്പിന്റെ കീഴിലുള്ള ശിവാ പാർക്കിലെ മരങ്ങളും ചെടികളും മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. അരുവിക്കര ഡാമിന്റെ സംരക്ഷണവേലിയോട് ചേർന്ന് വളർന്നു നിന്ന യൂക്കാലിമരങ്ങളും പാർക്കിന്റെ സൗന്ദര്യത്തിന്റെ ഭാഗമായി വളർത്തുന്ന റെഡ് ഫാം ചെടികളുമാണ് ഉദ്യോഗസ്ഥർ വകുപ്പിനെ പോലും അറിയിക്കാതെ മുറിച്ച് മാറ്റിയത്. റെഡ് ഫാം ചെടികൾ സൗന്ദര്യം നിലനിർത്തി ക്രോപ്പ് ചെയ്ത് പരിചരിക്കാമെന്നിരിക്കെയാണ് ഉദ്യോഗസ്ഥർ ഈ ചെടികൾ മുറിച്ചു മാറ്റിയത്.



നാളുകളായ് ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചതാണ് ഈ റെഡ്ഫാം ചെടികൾ. ഈ ചെടികൾ ഇതിനോടകം തന്നെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചവയാണ്. നിലവിൽ പാർക്കിലെ കളി കോപ്പുകൾ മുഴുവനും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ശിവാ പാർക്ക് ടൂറിസം വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച് കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ഈ അതിക്രമം.


എന്നാൽ സാമൂഹ്യവിരുദ്ധരുടെ ശല്യം കാരണമാണ് മറയായി നിന്നിരുന്ന ചെടികൾ മുറിച്ചു മാറ്റിയതെന്നും ഉണങ്ങിയ മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പിന്റെ അനുമതിയുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ ദിവസവും ആയിരകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന അരുവിക്കര ഡാമിന്റെയും ഡാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന ശിവാ പാർക്കിന്റെയും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ നാളിതുവരെ അരുവിക്കര ഗ്രാമ പഞ്ചായത്തോ തയ്യാറായിട്ടില്ല. നാട്ടുകാരുടെ ആവശ്യം ശക്തമാകുമ്പോൾ ഗ്രാമപഞ്ചായത്തും ജലഅതോറിറ്റിയും പരസ്പരം പഴിചാരി രക്ഷപ്പെടാറാണ് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. മരം മുറിച്ചതിനെതിരെ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Post a Comment

0 Comments