Recent-Post

കൃഷി ദർശൻ പരിപാടി ജനുവരി 24 മുതൽ 28 വരെ നടക്കും



 

നെടുമങ്ങാട്: സംസ്ഥാന സർക്കാരും കൃഷിവകുപ്പും മുൻകൈയെടുത്ത് സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് നടത്തി വരുന്ന കൃഷി ദർശൻ പരിപാടി തിരുവനന്തപുരം ജില്ലയിൽ ഈ മാസം നടക്കും. നെടുമങ്ങാട് കാർഷിക ബ്ലോക്ക് കേന്ദ്രീകരിച്ച് വിവിധ കർഷകരെയും കർഷക പ്രസ്ഥാനങ്ങളെയും വിവിധ ജനവിഭാഗങ്ങളെയും കൂടിയോജിപ്പിച്ചുകൊണ്ട് ജനുവരി 24 മുതൽ 28 വരെയാണ് കൃഷിദർശൻ പരിപാടി .


 

ത്രിതല ഗ്രാമപഞ്ചായത്ത്, സഹകരണ സംഘങ്ങൾ എന്നിവർ ഈ പരിപാടിയിൽ ഭാഗഭാക്കാവുന്നു. കേരള സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടൽ കാരണം കൃഷിദർശൻ എന്നത് കർഷകരുടെ പരിപാടിയാക്കി മാറ്റി. കർഷകരുടെ അടുക്കലേക്ക് സർക്കാർ സംവിധാനം എത്തുന്നു എന്നതാണ് ഈ പരിപാടിയുടെ സന്ദേശമെന്ന് കൃഷിദർശൻ സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.



കാർഷികവൃത്തിയിൽ നിലവിലെ അവസ്ഥയ്ക്കു മാറ്റം വരുത്തണമെങ്കിൽ ഉത്പന്നങ്ങളുടെ സംഭരണം, വിതരണം എന്നിവ കാര്യക്ഷമമാകണം. കൃഷിദർശൻ പരിപാടിയോടു കൂടി നെടുമങ്ങാടിന് തനതായ ഒരു ഉത്പന്നം വിപണിയിൽ എത്തിക്കാൻ സാധിക്കും. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ആവശ്യകത മനസ്സിലാക്കി ഉത്പന്ന വൈവിധ്യവൽക്കരണം നടപ്പിലാക്കണം. സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും സാധ്യതകളും മനസ്സിലാക്കി അവരെയും ഈ പരിപാടിയിലേക്ക് കൊണ്ടുവരുന്നതിന് പ്രയത്നിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


ചടങ്ങിൽ ആർ സുനിൽകുമാർ കൃഷി അഡീഷണൽ ഡയറക്ടർ, ബൈജു സൈമൺ പ്രിൻസിപ്പൽ കൃഷി ഓഫീസർ, എസ് ആർ രവീന്ദ്രൻ നെടുമങ്ങാട് മുൻസിപ്പൽ വൈസ് ചെയർമാൻ, ബി കെ അനിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഫാം ഇൻഫർമേഷൻ ബ്യൂറോ, സിന്ധു കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments