Recent-Post

ആനാട് സുനിത കൊലക്കേസ്; വിധി നാളെ


 

ആനാട്: വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്സെന്റ് കോളനിയിൽ ജീനാ ഭവനിൽ സുനിതയെ (35) ചുട്ടെരിച്ചു കൊന്ന കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. ജനുവരി 13ന് കേസിന്‍റെ വിധി പറയും. ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു മുമ്പാകെയാണ് വിചാരണ നടന്നത്. സുനിതയുടെ ഭർത്താവ് ജോയ് (43) എന്ന് വിളിക്കുന്ന ജോയി ആൻറണിയാണ് കേസിലെ പ്രതി.




2013 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ ഭർത്താവ് ജോയി ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു വേണ്ടി മനപ്പൂർവം സുനിതയുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ച് ദേഹോപദ്രവം ഏൽപ്പിക്കുമായായിരുന്നു. കൃത്യദിവസം വൈകിട്ട് അഞ്ചു മണിയോടെ സുനിതക്ക് വന്ന ഫോൺകോളിൽ കുറ്റമാരോപിച്ച് മൺവെട്ടിക്കൈ കൊണ്ട് സുനിതയുടെ ശരീരത്തിന്റെ പല ഭാഗത്തും അടിച്ചു. സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ പുറത്തുകൂടെ ഒഴിച്ച് തീ പിടിപ്പിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതശരീരം ആറാം തീയതി വരെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച് വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങൾ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ വാരിയിട്ടും തെളിവ് നശിപ്പിച്ചു എന്നുള്ളതാണ് പ്രോസിക്യൂഷൻ കേസ്.


സംഭവത്തിനു ശേഷം ആഗസ്റ്റ് 18നാണ് പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് റവന്യൂ റിക്കവറി തഹദിൽദാർ ബൈജുവിന്‍റെ സാന്നിധ്യത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു പൊലീസ് പരിശോധന നടത്തി. നാട്ടുകാരുടെ സാന്നിധ്യത്തിൽ ടാങ്കിന്റെ മൂട് ഇളക്കി കുഴിയിൽ ഇറങ്ങി തലയുടെ ഭാഗമാണ് ആദ്യം പുറത്തെടുത്തത്. തലയും ശരീരഭാഗങ്ങളും അഴുകിവേർപ്പെട്ട നിലയിലായിരുന്നു. കുഴിയിലുണ്ടായിരുന്ന സകല ശരീരഭാഗങ്ങളും പുറത്തെടുത്ത് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു. ഒരു ചാക്കിൽ കെട്ടാവുന്ന അവശിഷ്ടങ്ങൾ മാത്രമാണ് കുഴിയിലുണ്ടായിരുന്നത്.


24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും 23 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ് എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കിയത്.

Post a Comment

0 Comments