Recent-Post

രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്തിവരുന്നതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ




നെടുമങ്ങാട്: രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ നടത്തിവരുന്നതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. പതിനൊന്ന് ലക്ഷം വിദ്യാർത്ഥികളാണ് പുതുതായി സർക്കാർ സ്‌കൂളുകളിൽ എത്തിയതെന്നും മിക്സഡ് സ്‌കൂളുകൾ പഠനാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെമ്പായം ഗ്രാമപഞ്ചായത്തിലെ കന്യാകുളങ്ങര ഗവൺമെന്റ് ബോയ്സ് സ്‌കൂൾ മിക്സഡ് സ്‌കൂളായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ മിക്സഡ് സ്‌കൂളായി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോയ്സ് സ്‌കൂളാണിത്.



സർക്കാർ സ്‌കൂളുകളിൽ ലിംഗ സമത്വം ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് കന്യാകുളങ്ങര ബോയ്സ് സ്‌കൂളിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇവിടെ ഒരുപോലെ പഠിക്കാം. മാർച്ച് മാസം അവസാനിക്കുമ്പോൾ ബോർഡിൽ നിന്നും ബോയ്സ് എന്ന വാക്ക് മാറ്റി കന്യാകുളങ്ങര ഗവൺമെന്റ് ഹൈസ്‌കൂൾ എന്നാക്കും. 356 ആൺകുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. രണ്ടര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ആവശ്യത്തിന് കെട്ടിടങ്ങളും കുട്ടികൾക്ക് കളിക്കാൻ മൈതാനവുമുണ്ട്. എസ്.പി.സി, സ്‌കൗട്ട്, ലിറ്റിൽകൈറ്റ്സ്, ജെ.ആർ.സി എന്നിവക്ക് പുറമെ പെൺകുട്ടികൾക്കായി ഗൈഡ്സും ആരംഭിക്കും.


സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി ശ്രീകാന്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, വെമ്പായം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ബീന ജയൻ, പഞ്ചായത്ത് അംഗങ്ങൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.

   

Post a Comment

0 Comments