Recent-Post

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

 



നെടുമങ്ങാട്: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം. നെടുമങ്ങാട് കരിപ്പൂര് വില്ലേജിൽ മൂത്താക്കോണം കുന്നുംപുറത്ത് വീട്ടിൽ നിന്നും. കരിപ്പൂര് വില്ലേജിൽ പുലിപ്പാറ മങ്ങണിക്കോണം നീന്തൽകുളത്തിന് സമീപം വാടകവീട്ടിൽ താമസിക്കുന്ന മുരളി മകൻ മനു(29) ആണ് പൊലീസ് സ്റ്റേഷനിലെ ബാത്ത്റൂമിനുളളിലെ വെൻറ്റിലേഷനിൽ ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് തുങ്ങി മരിക്കാൻ ശ്രമിച്ചത്.
 

അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പുലർച്ചെ നാല് മണിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. വൈകുന്നേരം അഞ്ചരയോടെ ബാത്ത്‌റൂമിൽ പോകണമെന്ന് ആവശ്യപ്പെട്ട ഇയാൾ ബാത്ത്‌റൂമിൽ കയറി ബാത്ത്റൂമിലെ വെൻറ്റിലേഷനിൽ മുണ്ട് കഴുത്തിൽ കുരുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ കാവൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർ മനുവിനെ താങ്ങി നിർത്തുകയും മറ്റ് പൊലീസ് ഉദ്യോഗസ്ഥർ കഴുത്തിലെ കെട്ട് അറുത്ത് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 

നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ഒരു വർഷമായി ഭർത്താവുമായി പിണങ്ങി കഴിയുന്ന രണ്ട് കുഞ്ഞുങ്ങളുടെ അമ്മകൂടിയായ യുവതിയുടെ വീട്ടിൽ മേൽക്കൂര പൊളിച്ച് അതിക്രമിച്ച് കടക്കുകയും യുവതിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി നിലവിളിക്കുകയും ഇത് കേട്ട് ഓടി കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
 

വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയാണ് വധശ്രമത്തിലെക്കെത്തിച്ചതെന്നും ഇയാൾക്കെതിരെ വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലാൻ ശ്രമിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു.

Post a Comment

0 Comments