Recent-Post

ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ഹോട്ടലുടമയ്ക്കും ഭാര്യക്കുമെതിരെ കേസെടുത്തു


വാളിക്കോട്
: ഹോട്ടൽ ഉടമയും സിഡീഎസ് ചെയർപേഴ്സണായ ഭാര്യയ്ക്കുമെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് കേസെടുത്തു. വാളിക്കോട് നസീർ ഹോട്ടൽ ഉടമ നസിറുദ്ദീനെതിരെയും ഭാര്യ റീജയ്ക്കുമെതിരെയാണ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. 



ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ജോലിക്ക് തടസ്സം നിന്നതിനുമാണ് കേസ്. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്ത ഹോട്ടൽ അടയ്ക്കാൻ നിർദ്ദേശം നൽകിയതിനായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ മോശം പെരുമാറ്റം.


ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കുകയും ഹോട്ടൽ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ നിർദേശം നൽകുകയും ചെയ്തു . ഇതിൽ പ്രകോപിതരായ ഉടമയും ഭാര്യയും ഉദ്യോഗസ്ഥർക്കെതിരെ മോശമായി പെരുമാറുകയുമായിരുന്നു.


നെടുമങ്ങാട്, ആറ്റിങ്ങൽ സർക്കിളുകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. ഫംഗസ് പിടിച്ച ഭക്ഷ്യോത്പന്നങ്ങളും പഴകിയ പാലും ഹോട്ടലിൽ നിന്ന് കണ്ടെടുത്തായും ഉദ്യോഗസ്ഥർ അറിയിച്ചു. പുറത്ത് നിന്ന് ആളെ കൂട്ടി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നു ചൂണ്ടി കാട്ടി നെടുമങ്ങാട് പൊലീസിന് പരാതി നൽകുകയും നസിറുദ്ദീനും, റീജയ്ക്കും കണ്ടാലറിയാവുന്ന ഒരാൾക്കുമെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു .എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് റീജ പറഞ്ഞു.

Post a Comment

0 Comments