നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ശോചനീയാവസ്ഥയിലും പിൻവാതിൽ നിയമനത്തിലും പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ബാജി ഉദ്ഘാടനം ചെയ്തു.
ജില്ല ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും രോഗികൾ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തിയത് യുഡിഎഫ് സർക്കാരിൻറെ കാലഘട്ടത്തിലാണ്. എന്നാൽ തുടർന്നുവന്ന ഇടതുപക്ഷ സർക്കാർ ആശുപത്രിയുടെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ആശുപത്രിയിലെ പ്രധാന റോഡ് തകർന്നിട്ട് രണ്ട് വർഷമായി. ഈ റോഡിലൂടെ യാത്ര ചെയ്ത രോഗികൾക്ക് അപകടം പറ്റുന്നത് തുടർക്കഥയാകുന്നു. ആശുപത്രിയിലെ ഓ പി സമയം രോഗികളുടെ എണ്ണം അനുസരിച്ച് സമയ ക്രമീകരണം നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.
സ്വകാര്യ ലാബുകളെ സഹായിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന എക്സറേ മിഷ്യൻ പ്രവർത്തനരഹിതമാണെന്ന് രോഗികളോട് തെറ്റിദ്ധരിപ്പിക്കുന്നു. കാൻറീൻ പ്രവർത്തനരഹിതമായിട്ട് ഒരു വർഷം പിന്നിടുന്നു. രാത്രികാലങ്ങളിൽ ഡ്യൂട്ടി ചെയ്യേണ്ട ഡോക്ടർമാരും മറ്റു ജീവനക്കാരും ഡ്യൂട്ടി ബുക്ക് ഒപ്പിട്ടതിനു ശേഷം മുങ്ങുന്നത് പതിവാകുന്നു. രാത്രികാലങ്ങളിൽ മദ്യപിച്ച് എത്തുന്ന സുരക്ഷാ ജീവനക്കാർ പലപ്പോഴും രോഗികളെയും കൂട്ട് ഇരിപ്പുകാരെയും ഭീഷണിപ്പെടുത്തുന്നു. ഇത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല. ആശുപത്രിയിലെ പിൻവാതിൽ നിയമനത്തിലും സൂപ്രണ്ട് സിപിഎം നേതൃത്വത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. മഹേഷ് ചന്ദ്രൻ, ഹാഷിം റഷീദ്, സജാദ് മന്നൂർക്കോണം, ബാഹുൽ കൃഷ്ണ, ശരത് ശൈലേശ്വരൻ, ഉണ്ണിക്കുട്ടൻ നായർ, മഞ്ച അനീഷ്, ദീപ്തി, രജനി ഹരിദാസ്, കൗൺസിലർമാരായ ആദിത്യ വിജയകുമാർ, മന്നൂർക്കോണം രാജേന്ദ്രൻ, ഫാത്തിമ കോൺഗ്രസ് നേതാക്കളായ നെട്ടിറച്ചിറ ജയൻ, അഡ്വ. തേക്കട അനിൽകുമാർ, അഡ്വ. എസ് അരുൺകുമാർ, ടി അർജുനൻ, കരിപ്പൂർ സുരേഷ്, വാണ്ട സതി എന്നിവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.