നെടുമങ്ങാട്: കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. ഗ്രീഷ്മയെ ശുചിമുറിയിലേക്ക് കൊണ്ടുപോയ നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ഞായറാഴ്ച രാത്രിയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വനിത എസ്.ഐയും മൂന്ന് വനിത പൊലീസുകാരുമാണ് കാവലിനുണ്ടായിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മക്ക് ഉപയോഗിക്കാൻ പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിൽവെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് പൊലീസുകാർക്കെതിരെ നടപടിയെന്ന് റൂറൽ എസ്.പി ഡി. ശിൽപ പറഞ്ഞു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
അതേസമയം, കേസിൽ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യ ശ്രമത്തെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വെച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിൽ മാതാപിതാക്കളെയും അമ്മാവനെയും ബന്ധുവായ യുവതിയെയും ചോദ്യം ചെയ്യൽ തുടരുകയാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.