Recent-Post

നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ കാണിക്കവഞ്ചി മോഷണം; പ്രതികൾ പിടിയിലായി





നെടുമങ്ങാട്: ഒരു മാസക്കാലമായി നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽപ്പെട്ട നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. വേട്ടമ്പള്ളി കിഴക്കുംകര വീട്ടിൽ രഞ്ജിത്ത് (20), പ്രായപൂർത്തിയാകാത്ത രണ്ടു പ്രതികളെയുമാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


കഴിഞ്ഞ 24ന് രാത്രി പന്ത്രണ്ടരയോടെ പാങ്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉള്ളിൽ കയറി കാണിക്കവഞ്ചിപെട്ടിയും 4000 രൂപയും മോഷ്ടിച്ചു. മൂഴി മണ്ണയിൽ ദേവി ക്ഷേത്രം, കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം, തിരിച്ചിറ്റൂർ ശിവ ക്ഷേത്രം, കരിമ്പിൽ കാവിൽ ക്ഷേത്രം, താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിൽ പ്രതികൾ മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിച്ച പണം 16 വയസ്സുള്ള കുട്ടിയുടെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്.


പ്രതികളെ പറ്റി അന്വേഷിച്ചു വന്ന പോലീസ് നെടുമങ്ങാട് ഭാഗത്തെ എല്ലാ കടകളിലും കയറി ആരെങ്കിലും ചില്ലറ നാണയങ്ങൾ മാറ്റിയെടുക്കാൻ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഇരിഞ്ചയം ഭാഗത്തെ ഒരു ബേക്കറി കടയിൽ തലമുടി നീട്ടി വളർത്തിയ ഒരു പയ്യൻ 1500 രൂപയുടെ ചില്ലറ നൽകി നോട്ട് വാങ്ങി പോയതായി പോലീസിന് വിവരം ലഭിച്ചു. എന്നാൽ കടക്കാരന് ചില്ലറ മാറിപ്പോയ പയ്യനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കടക്കാരൻ പറഞ്ഞ അടയാളങ്ങൾ വച്ച് പോലീസ് അന്വേഷണം നടത്തിവരവേ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലും നേമം, വട്ടിയൂർക്കാവ് എന്ന സ്റ്റേഷനുകളിൽ നിരവധി മോഷണം നടത്തിയ കുട്ടിയെ തലമുടി നീട്ടി വളർത്തിയ ഒരു പയ്യനോടൊപ്പം കാണാനിടയാവുകയും പോലീസിനെ കണ്ടപാടെ രണ്ടു കുട്ടികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസ് രണ്ടുപേരെയും ഓടിച്ചിട്ട് പിടിക്കുകയും ചെയ്തിരുന്നു. രണ്ടുപേരെയും ചോദ്യംചെയ്തതിൽ കഴിഞ്ഞ ഒരു മാസത്തിൽ നടന്ന മോഷണങ്ങൾക്കും തെളിവായി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


16 വയസ്സുള്ള പയ്യന്റെ വീട്ടിലെത്തിയപ്പോൾ ഒരു പ്ലാസ്റ്റിക് ചാക്കിൽ പണം സൂക്ഷിച്ചിരിക്കുകയായിരുന്നു. മോഷണം മുതലകൾ പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനും മറ്റുമായി ഉപയോഗിച്ചു വരുന്നതായി പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പ്രതി ജുവനയിൽ ഹോമിൽ നിന്ന് ഒരു മാസം മുമ്പ് പുറത്തിറങ്ങിയതാണ്.

നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ സതീഷ് കുമാർ, എസ്ഐമാരായ ശ്രീനാഥ്, സൂര്യ കെ ആർ, റോജോ മോൻ, സീനിയർ പോലീസ് ഓഫീസർമാരായ രമേഷ് കുമാർ, അനൂപ്, സജു, സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ, അജിത്, ഉണ്ണികൃഷ്ണൻ, എഎസ്ഐ പ്രകാശ് എന്നിവർ ചേർന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 
  


    
    

    




Post a Comment

0 Comments