നെടുമങ്ങാട്: രണ്ടു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട് ഫയർ സ്‌റ്റേഷന് നഗര ഹൃദയത്തിൽ ആസ്ഥാനമൊരുങ്ങുന്നു. പത്താംകല്ല് വി.ഐ.പി. ജംഗ്ഷനു സമീപമുള്ള നെടുമങ്ങാട് വില്ലേജില്‍ ബ്ലോക്ക് നം. 36 ല്‍പ്പെട്ട 40 സെന്റ് ഭൂമി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനു വേണ്ടി അനുവദിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ കെട്ടിടം ഇവിടെ നിര്‍മ്മിക്കാന്‍ കഴിയും.
നെടുമങ്ങാട് ബ്ലോക്ക് ഓഫീസ് റോഡിൽ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ആസ്ബറ്റോസ് കെട്ടിടത്തിലാണ് 2004 മുതല്‍ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. കുത്തനെയുള്ള കയറ്റിറക്കങ്ങളും ഇടുങ്ങിയ വഴികളും കാരണം സേനയുടെ വലിയ വാഹനങ്ങൾക്ക് നെടുമങ്ങാട് ഠൗണ്‍ ഭാഗത്തേക്ക് എത്തുന്നതിന് വളരെയധികം സമയനഷ്ടം സംഭവിക്കുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു.
അടിയന്തിര ഘട്ടങ്ങളില്‍ അഗ്നിരക്ഷാ സേനയുടെ സേവനം ലഭ്യമാകാന്‍ കാലതാമസം നേരിടുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനും ഇടയാക്കി. റവന്യൂ ടവർ, കോടതി, നിരവധി സ്കൂളുകൾ, അന്താരാഷ്ട്ര മാര്‍ക്കറ്റ്, ജില്ലാ ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികൾ, കെ.എസ്.ആര്‍.ടി.സി., ഷോപ്പിംഗ് കോംപ്ലക്സ്, ഒട്ടനവധി വ്യവസായ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി ജനത്തിരക്കേറിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സംവിധാനങ്ങളും ഠൗണ്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഇപ്രകാരം പുതിയ സ്റ്റേഷന്‍ നിലവില്‍ വരുന്നതോടെ അടിയന്തര സാഹചര്യങ്ങളില്‍ സേനയുടെ സേവനം വളരെ പെട്ടെന്ന് ഉറപ്പാക്കാന്‍ കഴിയും. ഉടമസ്ഥാവകാശം ജലസേചനവകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് വി ഐ പി യിലെ ഭൂമി ഫയർ സ്റ്റേഷനു ഉപയോഗാനുമതി നല്‍കിയത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റി, ആര്യനാട്, ഉഴമലയ്ക്കല്‍, വെള്ളനാട്, അരുവിക്കര, കരകുളം, ആനാട്, വെമ്പായം, നന്ദിയോട്, പനവൂര്‍, പുല്ലാമ്പാറ, മാണിക്കല്‍ തുടങ്ങിയ പഞ്ചായത്ത് പരിധികളില്‍ വരുന്ന 500 ല്‍ അധികം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നിലയമാണ് നെടുമങ്ങാട് ഫയര്‍സ്റ്റേഷന്‍. പുതിയ കെട്ടിടം അനുവദിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി കൂട്ടിച്ചേർത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.