മണലി ആദിവാസി മേഖലയിൽ വന്യമൃഗ ശല്യവും കൃഷിനാശവും വ്യാപകം
വിതുര: പൊന്മുടി അടിവാരത്തെ ചെമ്പിക്കുന്ന് മുരുക്കുംകാല ആദിവാസി മേഖലകളിൽ കാട്ടാന ശല്യവും കൃഷി നാശവും വ്യാപകമാകുന്നു. വിതുര പഞ്ചായത്തിലെ മണലി വാർഡിൽപ്പെട്ട ചെമ്പിക്കുന്ന്, മുരുക്കുംകാല, ഇലവിൻമൂട്, വേങ്ങാതാര, ചാരുപാറ, കല്ലംകൂടി, തലത്തൂതക്കാവ്, ഡ്രൈവിങ് സ്കൂൾ തുടങ്ങിയ ആദിവാസി ഊരുകളിൽ കഴിഞ്ഞ അഞ്ച് ദിവസമായി കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങൾ കൃഷി ചെയ്തിരുന്ന തെങ്ങ്, കമുക്, വാഴ, ചേന, ചേമ്പ്, മരിച്ചിനി, കാച്ചിൽ, ഇടവിള കൃഷികൾ മുതലായവ വ്യാപകമായി നശിപ്പിച്ചു.
ചെമ്പിക്കുന്ന് മുരുക്കുംകാല വിജയംകാണി, ഗൗരിക്കുട്ടി എന്നിവരുടെ സ്ഥലത്ത് ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. ആദിവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തു പോകാൻ പറ്റാത്ത സ്ഥിതിയാണ്. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. കാട്ടാന ശല്യം തുടങ്ങിയ ദിവസം തന്നെ വനപാലകരെ വിവരമറിയിച്ചുവെങ്കിലും യഥാസമയം എത്താത്തത് നാട്ടുകാരിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
വിതുര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ മഞ്ജുഷ ജി ആനന്ദ് മുൻകൈ എടുത്ത് കഴിഞ്ഞ ദിവസം വനപാലകരെയും കൂട്ടി സ്ഥലത്തെത്തി. സ്ഥലവാസികളെ ആശ്വസിപ്പിച്ചു. നാശനഷ്ടങ്ങൾക്ക് വനപാലകർ തന്നെ പരിഹാരം കണ്ടെത്താമെന്ന് ഉറപ്പു നൽകി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പ്രദീപ് കുമാറിനോടൊപ്പം സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എംഎസ് റഷീദ്, പാലോട് റേഞ്ച് ഓഫീസർ ദിവ്യ, എഫ്ആർസി ചെയർമാൻ കെ. മനോഹരൻ കാണി, രഞ്ചേഴ്സ് നെട്ടയം, കുമാർ, സജി, രാജൻ കാണി, രഞ്ജിത്ത് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. പ്രദേശത്തെ കാർഷിക വിളകൾക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് ഉടനെ പരിഹാരം ഉണ്ടാകുമെന്ന് ഡിഎഫ്ഒ പ്രദീപ്കുമാർ ഗ്രാമപഞ്ചായത്ത് വൈസ് വാർഡ് മെമ്പറുമായ മഞ്ജുഷാ ജി ആനന്ദിന്റെ സാന്നിധ്യത്തിൽ സ്ഥലവാസികൾക്ക് ഉറപ്പു നൽകിയ ശേഷമാണ് മടങ്ങിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.