Recent-Post

"ജവാൻ" റം ഇനി ഉണ്ടാകുമോ?; നികുതി വകുപ്പിന് നിവേദനം നൽകി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന 'ജവാന്‍' റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം. സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നൽകിയ നിവേദനം പതിവു നടപടിക്രമങ്ങൾ അനുസരിച്ച് എക്സൈസ് കമ്മീഷണർക്ക് കൈമാറി. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപടിയെടുക്കാനായി കൈമാറുന്നതാണ് നിലവിലെ രീതി. പരാതിയിൽ കഴമ്പുണ്ടെങ്കിൽ തുടർനടപടികളിലേക്കു സർക്കാർ കടക്കും. ഇല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്ന് നിവേദനത്തിൽ പറയുന്നു. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത.

തിരുവല്ല വളഞ്ഞവട്ടത്താണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 'ജവാൻ റം' ആവശ്യത്തിന് കിട്ടാനില്ലെന്ന പരാതി പരിഹരിക്കാൻ ഒരുകോടി രൂപ ചെലവിട്ട് പുതിയ ബോട്ടിലിംഗ് പ്ലാന്റ് നവംബറോടെ തുടങ്ങും. ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ടെൻഡറായി. ഈ മാസം അവസാനം കരാർ ഉറപ്പിക്കും. മൂന്ന് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാവും. സെമി ഓട്ടോമാറ്റിക് പ്ലാന്റിൽ രണ്ട് ബോട്ടിലിംഗ് ലൈനുകളും ബ്ലെൻഡിംഗ് ടാങ്കുമാണ് നിർമ്മിക്കേണ്ടത്. ഇപ്പോൾ നാല് ബോട്ടിലിംഗ് ലൈനുകളിൽ പ്രതിദിനം 8000 കെയ്സാണ് ഉത്പാദനം. പുതിയ പ്ലാന്റ് വരുമ്പോൾ ഇത് 15,000 കെയ്സാവും. പുതിയ ബ്ലെൻഡർ തസ്തിക സൃഷ്ടിക്കണം. അല്ലാതെ അധിക ജീവനക്കാർ വേണ്ടിവരില്ല.

മധ്യകേരളത്തിലെ ജില്ലകളിലാണ് ഇപ്പോൾ ജവാൻ റം അധികവും കിട്ടുന്നത്. ഉത്പാദനം കുറവായതിനാലും ട്രാൻസ്പോർട്ടിംഗ് ചെലവും കാരണമാണ് മറ്റു ജില്ലകളിൽ കിട്ടാത്തത്. ഉത്പാദനം കൂടുമ്പോൾ ഇതിന് പരിഹാരമാവും. അതേസമയം സ്പിരിറ്റ് വില കൂടിയതോടെ ജവാൻ ഉത്പാദനം ലാഭകരമല്ലെന്നാണ് സർക്കാർ വാദം. ഒരു ലിറ്റർ ബോട്ടിലിന് ചില്ലറ വില 600 രൂപയാണ് . ട്രാവൻകൂർ ഷുഗേഴ്സ് ഒരു ലിറ്റർ മദ്യം ബെവ്കോയ്ക്ക് നൽകുന്നത് 172.91 രൂപയ്‌ക്കും, വില്പന നികുതി, എക്സൈസ് ഡ്യൂട്ടി, സെസ് എന്നിവ ചേരുമ്പോഴാണ് ഉപഭോക്താവ് 600 രൂപ നൽകേണ്ടിവരുന്നത്. ജവാന് 10 ശതമാനം വില കൂട്ടണമെന്ന ബെവ്കോ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്തില്ല. നിലവിലെ അവസ്ഥയിൽ ഓണം വരെ വില കൂട്ടാൻ സാധ്യതയില്ല.



 
  


    
    

    




Post a Comment

0 Comments