സമൂഹമാധ്യമത്തിൽ വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്. സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊര്‍ജം നല്‍കിയതും ഇരുവരുടെയും പ്രകടനമാണ്.
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിനു പിന്നാലെ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്താന്‍ ആവശ്യപ്പെട്ടത്.
ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു. ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
വിപുലമായ അന്വേഷണം നടത്തിയ സൗത്ത് പൊലീസ്, ആറു പേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിനു മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കെണിയിൽ വീഴുന്ന ആളാണെന്ന് ഉറപ്പാക്കിയത്.
ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി. വ്യവസായിയുടെ കയ്യില്‍നിന്നു തട്ടിയെടുത്ത സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.