Recent-Post

കോൺഗ്രസ് സർക്കാരിന്റെ കാലഘട്ടത്തിൽ നാട്ടിൽ നടപ്പിൽ വരുത്തിയ ദീർഘവീക്ഷണം ഉള്ള വികസന പ്രവർത്തനങ്ങളെ അട്ടിമറിച്ച സിപിഎം വികസന സ്നേഹം നടിക്കുന്നതായി മുൻമന്ത്രി വി എസ് ശിവകുമാര്‍

ആനാട്: കോൺഗ്രസ് സർക്കാരിന്റെ കാലഘട്ടത്തിൽ നാട്ടിൽ നടപ്പിൽ വരുത്തിയ ദീർഘവീക്ഷണം ഉള്ള വികസന പ്രവർത്തനങ്ങളെ അട്ടിമറിച്ച സിപിഎം വികസന സ്നേഹം നടിക്കുന്നതായി മുൻമന്ത്രി വി എസ് ശിവകുമാര്‍ അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലും ഐക്യ കേരളത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടപ്പിലാക്കിയ പുരോഗമന ആശയങ്ങളെയും പദ്ധതികളെയും തുരങ്കം വച്ച സിപിഎം ഇന്ന് വികസനത്തിന്റെ വക്താക്കളായി മാറുന്നത് കാണുമ്പോൾ പുച്ഛിക്കാതിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ കാണിക്കുന്ന വികസന സ്നേഹം 50 വർഷങ്ങൾക്കു മുമ്പ് സിപിഎം കാണിച്ചിരുന്നെങ്കിൽ കേരളത്തിന്റെ വികസനം എവിടെയെത്തി നിൽക്കുമായിരുന്നു എന്ന് സിപിഎമ്മുകാർ ഓർക്കണം. കേരളത്തിൽ വ്യവസായ സംരംഭങ്ങൾ കൊണ്ടുവന്നപ്പോൾ അതിനെതിരെ സമരം നടത്തിയും ട്രാക്ടറും ട്രില്ലറും കൊണ്ടുവന്നപ്പോൾ അത് അടിച്ചുപൊളിച്ചും കമ്പ്യൂട്ടറിനെയും ടെലിവിഷനെയും എതിർക്കുകയും സ്വാശ്രയ കോളേജുകളെയും പ്രീഡിഗ്രി ബോർഡിനെതിരെ കേരളത്തിൽ കലാപ സമരം സംഘടിപ്പിക്കുകയും ചെയ്ത സിപിഎമ്മിന്റെ പഴയ ചരിത്രം മറന്നു പോകരുതെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.



കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ രാജ്യവ്യാപകമായി പട്ടിണി മാറ്റു രാജീവേ എന്നിട്ടാകാം കമ്പ്യൂട്ടർ എന്ന് പറഞ്ഞു സമരം ചെയ്തവർ ഇന്ന് കമ്പ്യൂട്ടർവൽക്കരണത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്നു. രാജീവ് ഗാന്ധി കൊണ്ടുവന്ന പഞ്ചായത്തി നഗരപാലിക ബില്ലിനെ അക്കൗണ്ട് ജനറൽ കണക്ക് പരിശോധിക്കുന്നു എന്ന കാരണത്താൽ പഞ്ചായത്തീരാജ് നിയമത്തെ രാജ്യസഭയിൽ പരാജയപ്പെടുത്തി. സ്വാശ്രയ കോളേജ് സമരത്തിന്റെ പേരിൽ 5 രക്തസാക്ഷികളെ സംഭാവന ചെയ്തവർ ചരിത്രത്തോട് മാപ്പ് പറയണം എന്നും ശിവകുമാർ ആവശ്യപ്പെട്ടു. ആനാട് മണ്ഡപം വാർഡ് കോൺഗ്രസ് കമ്മിറ്റി ആലംകോട് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ മുൻ കെപിസിസി നിർവ്വാഹക സമിതി അംഗം ആനാട് ജയൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ആനാട് പ്രദേശത്തെ ഏറ്റവും പ്രായം കൂടിയ തങ്കപ്പൻ അയ്യരെ പൊന്നാട അണിയിച്ചും, രാഷ്ട്രപതിയുടെ വിശിഷ്ഠ സേവാ മെഡലിന് അർഹനായ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ എ സതി കുമാറിനെയും,ഡോ എ പി ജെ അബ്ദുൽ കലാം ആരോഗ്യ മിത്ര അവർഡിന് അർഹത നേടിയ ഡോ ജാസ്മിനെയും, ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി തെരഞ്ഞെടുത്ത പേരൂർക്കട രാജീവിനെയും ആദരിച്ചു. കൂടാതെ പ്രദേശത്തെ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെയും എസ് എസ് എൽ സി പ്ലസ് ടു വിജയികളെയും മറ്റ് പരീക്ഷകളിലെ വിജയികളെയും അനുമോദിക്കുകയും പഠനോപകരണ വിതരണവും ചടങ്ങിൽ നടന്നു.

ചടങ്ങിൽ ആനാട് മൂഴി മണ്ഡലം പ്രസിഡന്റുമാരായ പുത്തൻപാലം ഷഹിദ്, വേട്ടംപള്ളി സനൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ അജയകുമാർ, നെട്ടറക്കോണം ഗോപാലകൃഷ്ണൻ, ഹുമയൂൺ കബീർ, ആനാട് ഗോപകുമാർ, വേങ്കവിള സുരേഷ് ഉപേക്ന്ദ്രകുമാർ, സുനു, ഹരികുമാർ എന്നിവർ സംസാരിച്ചു.
 
  


    
    

    




Post a Comment

0 Comments