Recent-Post

വിതുരയിലെ വികസന പദ്ധതികൾ വഴിമുട്ടുന്നു; ജനകീയ പ്രക്ഷോഭവുമായി കോൺഗ്രസ്‌

വിതുര: വിതുര പഞ്ചായത്തിലെ പ്രധാന വികസന പദ്ധതികൾ വഴിമുട്ടുന്നുവെന്നാരോപിച്ചു കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭ ജാഥ നടത്തി. ശബരീനാഥൻ എം.എൽ.എ ആയിരിക്കെ തുടക്കം കുറിച്ച പ്രധാന വികസന പദ്ധതികളെല്ലാം ഇപ്പോൾ നിലച്ച അവസ്ഥയിലാണെന്നും ജനകീയ പ്രശ്‌നങ്ങളിൽ സ്ഥലം എം.എൽ.എയും സർക്കാരും അനാസ്ഥ കാട്ടുകയാണെന്നും കോൺഗ്രസ്‌ ആരോപിച്ചു.



30 കോടി ചിലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരണം നടക്കേണ്ട തേവിയോട് - ഐസർ - ബോണക്കാട് റോഡ് നിർമ്മാണം മാസങ്ങളായി നിലച്ചിരിക്കുകയാണ്. പൊളിഞ്ഞു വീഴാറായ വില്ലേജ് ഓഫീസ് കെട്ടിടം ഒഴിവാക്കി, പുതിയ കെട്ടിടം നിർമ്മിച്ചു വർഷം ഒന്നായിട്ടും അവിടേക്ക് മാറാൻ കഴിയാതെ ഇഴജന്തുക്കളും കാട്ട് വള്ളികളും പടർന്നു കയറുന്ന അവസ്ഥയിലായി. മലയോര ഡിപ്പോയായ വിതുര KSRTC ഡിപ്പോയെ ഓപ്പറേറ്റിങ് സെന്ററായി തരംതാഴ്ത്തി ഡിപ്പോ പ്രവർത്തനം അവതാളത്തിലാക്കി.



സാധാരണക്കാരന് ആശ്രയമാകേണ്ട വിതുര താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും സൗകര്യങ്ങളും ഇല്ലാതെ ജനം ബുദ്ധിമുട്ടുകയാണ്. ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം നടത്തിയതല്ലാതെ ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ആധുനിക മത്സ്യമാർക്കറ്റും പൊതു ചന്തയും തുറന്ന് പ്രവർത്തിപ്പിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.


ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങൾ ഗുരുതരമായി തുടരുമ്പോഴും ബന്ധപ്പെട്ടവർ കാണിക്കുന്ന നിസംഗതയിലും അനാസ്ഥയിലും പ്രതിഷേധിച്ചു കൊണ്ടും വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറയുടെ നേതൃത്വത്തിൽ ജാഥ നടത്തിയത്.

പേരയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ വിഷ്ണു ആനപ്പാറയ്ക്ക് പതാക കൈമാറി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നിർമ്മാണം നിലച്ച തേവിയോട് - ബോണക്കാട് റോഡിലൂടെ കോൺഗ്രസ്‌ പ്രവർത്തകർ അണിനിരന്ന ജാഥ തേവിയോട് ജംഗ്ഷനിൽ സമാപിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി അംഗങ്ങളായ എസ്.കുമാരപിള്ള, വി.അനിരുദ്ധൻ നായർ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിമാരായ എസ്.ഉദയകുമാർ, ഒ.ശകുന്തള, വിതുര തുളസി,നേതാക്കളായ കല്ലാർ മുരളി, ലേഖ കൃഷ്ണകുമാർ, ബി.എൽ. മോഹനൻ, കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ സുനിൽ.എസ്.നായർ, ബി. അംബിക, ഷാജി.സി, എൻ. മണികണ്ഠൻ, ഡി. ജയകുമാർ, മണ്ണറ വിജയൻ, റോബിൻസൺ, മധു.റ്റി, ശ്രീനിവാസൻ പിള്ള, സുരേഷ് മേമല, തുളസി അമ്മാൾ, പി. എസ്. അജീഷ്നാഥ്, അനീഷ്. വി.എസ്, ലതകുമാരി, ബിനുകുമാർ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കുമാരി മഞ്ജുള, ഐ.എൻ.റ്റി.യു.സി. മണ്ഡലം പ്രസിഡന്റ്‌ ജെയിൻ പ്രകാശ് തുടങ്ങിയവർ സന്നിഹിതരായി.





 
  


    
    

    




Post a Comment

0 Comments