Recent-Post

സിപിഐ ജില്ലാ സമ്മേളനം 21ന് ആരംഭിക്കും


സിപിഐ ജില്ലാ സമ്മേളനം 21ന് ആരംഭിക്കും
നെടുമങ്ങാട്: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ജൂലൈ 21 മുതല്‍ 24 വരെ നെടുമങ്ങാട് നടക്കുമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് 21ന് വൈകുന്നേരം നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനിലെ വിതുര സദാശിവന്‍ നഗറില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആലംകോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. കവി കുരീപ്പുഴ ശ്രീകുമാര്‍, മുരുകന്‍ കാട്ടാക്കട, ചലച്ചിത്ര സംവിധായന്‍ വി സി അഭിലാഷ്, നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ എന്‍ കെ കിഷോര്‍, കവി രാധാകൃഷ്ണന്‍ കുന്നുംപുറം എന്നിവര്‍ പങ്കെടുക്കും. സാംസ്‌കാരിക സമ്മേളനത്തിന് മുന്നോടിയായി യുവകലാസാഹിതി പ്രവര്‍ത്തകര്‍ നയിക്കുന്ന ഗാനമേളയും സാംസ്‌കാരിക സമ്മേളനത്തിനു ശേഷം കാഥികന്‍ തോന്നയ്ക്കല്‍ വാമദേവന്റെ 'ചരിത്രമേ സാക്ഷി' എന്ന കഥാപ്രസംഗവും നടക്കും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


ജൂലൈ 22ന് പതാക ബാനര്‍, കൊടിമര, ദീപശിഖാ ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും. ജാഥകള്‍ പഴകുറ്റി ജംഗ്ഷനില്‍ സംഗമിച്ചതിനു ശേഷം ചുവപ്പ് സേനാ അംഗങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ എത്തിച്ചേരും. പതാക ജാഥ സിപിഐ മുന്‍ ജില്ലാ സെക്രട്ടറി എന്‍ അരവിന്ദന്റെ ചാക്കയിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊണ്ടുവരും. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയനാണ് ജാഥാ ക്യാപ്ടന്‍. പതാക ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഏറ്റുവാങ്ങും. മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന ടി എ മജീദിന്റെ വര്‍ക്കല ഇടവയിലെ സ്മൃതി മണ്ഡപത്തില്‍ നിന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം മനോജ് ബി ഇടമനയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ബാനര്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ ഏറ്റുവാങ്ങും. നെടുമങ്ങാട് താലൂക്കിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.എം സുല്‍ത്താന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം മീനാങ്കല്‍ കുമാറിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഏറ്റുവാങ്ങും. രക്തസാക്ഷി ജയപ്രകാശിന്റെ കുടപ്പനക്കുന്നിലെ സ്മൃതിമണ്ഡപത്തില്‍ നിന്നും എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ദീപശിഖ സംസ്ഥാന കൗണ്‍സില്‍ അംഗം അരുണ്‍ കെ എസ് ഏറ്റുവാങ്ങും. തുടര്‍ന്ന് പൊതുസമ്മേളന നഗരയില്‍ പതാക ഉയര്‍ത്തും. അതിനുശേഷം പി എം സുല്‍ത്താന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ കൗണ്‍സില്‍ അംഗം കെ പി രാജേന്ദ്രന്‍, റവന്യൂ മന്ത്രി കെ രാജന്‍, ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

23ന് രാവിലെ 10 മണിക്ക് എം സുജനപ്രിയന്‍ നഗറില്‍ (ധനലക്ഷ്മി ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായില്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

24ന് രാവിലെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സില്‍ അംഗം എന്‍ രാജന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ജില്ലയിലെ 24,000 ലധികം വരുന്ന പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 17 മണ്ഡലങ്ങളില്‍ നിന്നായി 365 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദീര്‍ഘമായ ഒരിടവേളയ്ക്കു ശേഷം നെടുമങ്ങാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ തയ്യാറെടുപ്പുകളാണ് മണ്ഡലത്തിലുടനീളം നടക്കുന്നത്. ആകര്‍ഷകമായ പ്രചാരണ പ്രവര്‍ത്തനങ്ങളും അനുബന്ധ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നെടുമങ്ങാട് സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചനാ മത്സരം മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വിതരണം ചെയ്യും.

സമ്മേളന കാലയളവില്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ച്ചയുടെ പാതയിലാണ്. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും അംഗത്വത്തില്‍ കാര്യമായ വര്‍ധനവുണ്ടായ ഒരു കാലയളവാണിത്. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും കരുത്തും പ്രഹരശേഷിയും ബഹുജന സ്വാധീനവും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ജനകീയ വിഷയങ്ങളില്‍ ഇടപെടാനും ശക്തമായ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടിക്ക് ഇക്കാലയളവില്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും തലസ്ഥാന ജില്ലയോടുള്ള അവഗണനയ്ക്കുമെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജില്ലയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തിയുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി ജില്ലാ സമ്മേളനം രൂപം നല്‍കും.

അരുണ്‍ കെ എസ് (ചെയര്‍മാന്‍ സംഘാടക സമിതി), പാട്ടത്തില്‍ ഷെരീഫ് (ജനറല്‍ കണ്‍വീനര്‍, സംഘാടക സമിതി), പി എസ് ഷൗക്കത്ത് ( ജില്ലാ എക്സിക്യൂട്ടീവ് അംഗം), വിബി ജയകുമാർ ,എസ് ആർ വിജയൻ, പികെ സാം എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 
  


    
    

    




Post a Comment

0 Comments