Recent-Post

അനധികൃത കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

അനധികൃത കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം തിരുവനന്തപുരം: അനധികൃത കെട്ടിട നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ഭരണപ്രതിപക്ഷ- അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നഗരസഭാ പരിധിയിൽ പന്ത്രണ്ടോളം കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയതായി സംശയമുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. നാളെമുതൽ ബിജെപി കൗൺസിലർമാർ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധിക്കും.


അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധമാണ് ഉന്തിലും തളളിലും കയ്യാങ്കളിയിലേക്കും വരെ എത്തിയത്. പ്രതിപക്ഷ കൗൺസിലറെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് മേയറുടെ ഡയസിലേക്ക് കടക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇതിനിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കെട്ടിട നമ്പർ നൽകിയതിൽ ഭരണപക്ഷത്തിന് പങ്കുണ്ടെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. ചൊവ്വാഴ്ച മുതൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് എം.ആർ. ഗോപൻ പറഞ്ഞു.

യഥാർത്ഥ തട്ടിപ്പ് നടത്തിയവരെ പുറത്തുകൊണ്ടുവരണമന്നാണ് ബിജെപിയുടെ ആവശ്യമെന്ന് എം.ആർ ഗോപൻ കൂട്ടിച്ചേർത്തു. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി മേയർ കൗൺസിൽ യോഗം അവസാനിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിന് പുറത്ത് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണപക്ഷവുമായി വാക്കുതർക്കവും ഉണ്ടായി. കൂടുതൽ പോലീസുകാരെയും നഗരസഭാ പരിസരത്ത് വിന്യസിച്ചിരുന്നു.

കെട്ടിട നമ്പർ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മേയർ ആര്യാ രാജേന്ദ്രന്റെ പ്രതികരണം. നേരിട്ടും കംപ്യൂട്ടറിലൂടെയും രേഖപ്പെടുത്തിയ വിവരങ്ങൾ പരസ്പരം ഒത്തുനോക്കിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമേ പൂർണമായി വിവരങ്ങൾ പുറത്തുവിടാൻ കഴിയൂവെന്നുമാണ് മേയറുടെയും സിപിഎമ്മിന്റെയും നിലപാട്.

കെട്ടിട നമ്പർ തട്ടിപ്പിൽ നാല് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ വിഷയത്തിൽ കൃത്യമായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ഭരണ സമിതിയിലുള്ളവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി.
 
  


    
    

    




Post a Comment

0 Comments