നെടുമങ്ങാട്: കമ്യൂണിസ്റ്റ് പാർട്ടിയേയും ഇടതുപക്ഷ രാഷ്ട്രീയത്തെയും എതിർക്കുന്ന ആളുകൾ ഒരു ഘട്ടം പിന്നിട്ടപ്പോൾ കോൺഗ്രസോ , ബിജെപിയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായെന്നും ഇടതു രാഷ്ട്രീയത്തെ തകർക്കാൻ കോൺഗ്രസ് അറിഞ്ഞോ അറിയാതെയോ ബിജെപിയുടെ വലയിൽ പോയി വീണിരിക്കുകയാണെന്നും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജിആർ അനിൽ പറഞ്ഞു.നെടുമങ്ങാട് നടക്കുന്ന സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പിഎം സുൽത്താൻ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത വിശ്വാസത്തെയും മത വികാരത്തെയും മാറ്റിയെഴുതിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക എന്ന നിലപാടാണ് കോൺഗ്രസ് പോലും സ്വീകരിച്ചിട്ടുള്ളത്. എല്ലാത്തരം വിഭാഗീയതയെയും അതിജീവിച്ചാണ് പിന്നിട്ട അഞ്ചു വർഷം എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത്. തലസ്ഥാന ജില്ലയിൽ ഏഴോ, എട്ടോ സീറ്റുകൾ മാത്രമേ ഇടതുപക്ഷത്തിന് ലഭിക്കുകയുള്ളൂ എന്നായിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ പോലും പ്രവചിച്ചത്. എന്നാൽ നമ്മൾ തോല്ക്കുമെന്ന് വിധിയെഴുതിയ മണ്ഡലങ്ങളിലെല്ലാം വിജയിച്ചു. കുറച്ചു കൂടി നമ്മൾ പരിശ്രമിപ്പിരുന്നുവെങ്കിൽ കോവളം അടക്കം 14 ഇടത്തും വിജയിക്കുമായിരുന്നു. നമുക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിൽ പോലും കൂട്ടത്തോടെ ആളുകൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളെല്ലാം വലിയ ജനപങ്കാളിത്തത്തോടെയാണ് മുന്നേറുന്നത്. തമിഴ്നാടിന്റെ അതിർത്തി ഗ്രാമമായ അമ്പൂരി പുരവിമലയിൽ ദുർഘട സാഹചര്യങ്ങളെ അതിജീവിച്ച് പാർട്ടി ബ്രാഞ്ച് സമ്മേളനം ആഘോഷമായി നടത്തിയത് ആവേശകരമായ കാഴ്ചയായിരുന്നു.
ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് ജില്ലയിലെമ്പാടും നടന്ന സംയുക്ത പ്രകടനങ്ങളിലും സിപിഐയുടെ സാന്നിദ്ധ്യവും വളർച്ചയും പ്രകടമായിരുന്നുവെന്നും കാട്ടാക്കടയിൽ നടന്ന ജില്ലാ സമ്മേളനത്തിനു ശേഷം നാലു വർഷം പൂർത്തിയാകുമ്പോൾ വളർച്ചയുടെ അവിസ്മരണീയ കാലഘട്ടമാണ് പിന്നിടുന്നതെന്നും നിലവിലെ ജില്ലാ സെക്രട്ടറിയും ഘടകവും ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നുവെന്നും അഡ്വ ജിആർ അനിൽ വിശദീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്വാഗതം പറഞ്ഞു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ, കിസാൻസഭ സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ,കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വിപി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ കൗൺസിൽ അംഗം വിബി ജയകുമാർ നന്ദി പറഞ്ഞു.സംഘാടക സമിതി ഭാരവാഹികളായി അരുൺ കെഎസ് (ചെയർമാൻ), പാട്ടത്തിൽ ഷെരീഫ് (ജനറൽ കൺവീനർ) എന്നിവരെയും സബ് കമ്മിറ്റി ഭാരവാഹികളായി, പബ്ളിസിറ്റി - മീനാങ്കൽ കുമാർ (ചെയർമാൻ), പികെ സാം (കൺവീനർ), ഫുഡ് കമ്മിറ്റി - പിഎസ് ഷൗക്കത്ത് (ചെയർമാൻ), എസ്ആർ വിജയൻ (കൺവീനർ), സ്റ്റേജ് ആൻഡ് ഡെക്കറേഷൻ - പൂവച്ചൽ ഷാഹുൽ (ചെയർമാൻ), അഡ്വ രാധാകൃഷ്ണൻ (കൺവീനർ), നവമാദ്ധ്യമം - മനോജ് ബി ഇടമന (ചെയർമാൻ), വിപി ഉണ്ണികൃഷ്ണൻ (കൺവീനർ) എന്നിവരെയും തെരത്തെടുത്തു.



സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.