Recent-Post

കുറ്റിച്ചൽ പഞ്ചായത്ത് പ്രദേശം ലഹരിസംഘങ്ങളുടെ പിടിയിലെന്ന് പരാതി

കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്ത് പ്രദേശം ലഹരിസംഘങ്ങളുടെ പിടിയിലെന്ന് പരാതി. അടുത്തിടെ ലഹരിസംഘങ്ങളുടെ സാന്നിധ്യമുള്ള നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടൂർ സ്വദേശിയുടെ ജീപ്പിന്‍റെ ചില്ലുകൾ ഒരു സംഘം അടിച്ചുതകർത്തു. ജീപ്പ് അടിച്ചുതകർത്തത് ലഹരിസംഘമാണെന്ന് പ്രദേശത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽനിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച പരുത്തിപ്പള്ളി സർക്കാർ സ്‌കൂളിനു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇരുന്ന വിദ്യാർഥികൾ കളിയാക്കിയതിന്റെ പേരിൽ പെട്രോൾ ബോബെറിഞ്ഞ സംഭവത്തിലും സ്ഥലത്തെ കഞ്ചാവ് വിൽപ്പന സംഘത്തിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ സ്‌കൂളിനു മുന്നിൽ സ്ഥിരമായി ഉണ്ടാകുന്ന അടിപിടി സംഭവങ്ങളിലും 'ലഹരി' വിഷയമാണെന്ന് രക്ഷിതാക്കൾ പറയുന്നു. കുറച്ചുനാൾ മുമ്പ് കോട്ടൂർ നെല്ലിക്കുന്നിൽ പോലീസിനു നേരേ ആക്രമണം നടത്തിയത് ലഹരി മാഫിയയായിരുന്നു.

കുറ്റിച്ചൽ, പന്നിയോട്, കള്ളിയൽ, കോട്ടൂർ, നെല്ലിക്കുന്ന് എന്നിവിടങ്ങൾ ഏറെക്കാലമായി ലഹരിസംഘങ്ങളുടെ താവളമാണ്. അടുത്തിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ എം.ബി.ബി.എസ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജ് വിദ്യാർഥികളെ ലഹരിയുമായി പിടികൂടിയ സംഭവമുണ്ടായി. കുറ്റിച്ചൽ, കോട്ടൂർ എന്നിവിടങ്ങളിൽനിന്നും നിരവധിപേരെ പോലീസും എക്സൈസ് സംഘവും പിടികൂടിയിട്ടും ലഹരി മാഫിയയുടെ വേരറുക്കാൻ കഴിയുന്നില്ല. ലഹരി വ്യാപനം തടയാൻ ഗ്രാമീണമേഖലയിലെ സാംസ്‌കാരിക സംഘടനകൾ, പൊതുപ്രവർത്തകർ എന്നിവരുടെ സഹകരണംകൂടി വേണമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
 
 
  


    
    

    




Post a Comment

0 Comments