Recent-Post

അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും

കെഎസ്ആർടിസി യാത്രക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ബസില്‍
നെടുമങ്ങാട്:  അബോധാവസ്ഥയിലായ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് മാതൃകയായി നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും. നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ മഞ്ച സ്വദേശി എ. സലിം, കണ്ടക്ടര്‍ വാണ്ട സ്വദേശി ആര്‍. രാജേഷ് എന്നിവരാണ് മന്നൂര്‍ക്കോണം സ്വദേശിനിയായ യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച്‌ മാതൃകയായത്.


കഴിഞ്ഞ 27ന് രാവിലെയാണ് സംഭവം. മന്നൂര്‍ക്കോണത്തുനിന്ന് കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കാണ് ഇവരുടെ സേവനസന്നദ്ധതയില്‍ ജീവിതം തിരിച്ചുകിട്ടിയത്.

കിഴക്കേകോട്ട സ്റ്റാന്‍ഡില്‍ എത്തിയിട്ടും സീറ്റുവിട്ട് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരുടെ പരിശോധനയിലാണ് 42കാരിയായ വീട്ടമ്മ ഹൃദയാഘാതംമൂലം അബോധാവസ്ഥയിലാണെന്ന് മനസിലായത്. തുടർന്ന് ബസിൽ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കണ്ടക്ടര്‍ അറിയിപ്പ് നല്‍കിയതിനെതുടർന്ന് ഗതാഗത തടസ്സമൊഴിവാക്കാന്‍ നിരത്തില്‍ പൊലീസുകാരും സജ്ജമായി. രോഗിയെ തക്കസമയത്ത് എത്തിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടമ്മയുടെ ബന്ധുക്കള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെയും ഡിപ്പോ അധികൃതരെയും നേരില്‍കണ്ട് നന്ദി അറിയിച്ചു.

Post a Comment

0 Comments