Recent-Post

കാട്ടാക്കടയിൽ കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു

കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു
കാട്ടാക്കട: കെഎസ്ആർടിസി ഡ്രൈവറെ ബൈക്ക് യാത്രികൻ മർദ്ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മർദിച്ചത്. അജിയെ നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയാണ് പ്രതി ഡ്രൈവറെ മര്‍ദ്ദിച്ചത്. വാഴിച്ചൽ കാഞ്ഞിരമൂഡ് പാമ്പരം കാവിൽ ഉച്ചതിരിഞ്ഞു മൂന്നരയ്ക്കാണ് സംഭവം.



കാട്ടാക്കട നെയ്യാർ ഡാം കൂട്ടപ്പുവിലേക്ക് പോകുന്ന കാട്ടാക്കട ഡിപ്പോയിലെ ബസിനകത്താണ്‌ അക്രമം നടന്നത്. അക്രമി ബസിനു കുറുകെ ബൈക്ക് നിർത്തുകയും തുടർന്ന് ഡ്രൈവറുടെ വശത്തെ വാതിൽ അടിച്ചു തുറക്കുകയും ഉള്ളിൽ കയറി ബിജുവിനെ മർദിക്കുകയും ചെയ്തു. അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതോടെ യാത്രക്കാർ ബഹളം വെച്ചു. ഇതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ആനപ്പാറ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

ഇടുങ്ങിയ റോഡിൽ ഒരുവശത്ത് മറ്റൊരു വാഹനം നിർത്തിയിരിക്കുകയും ഒരു വശത്തു ഇയാൾ റോഡിൽ കയറി നിൽക്കുകയുമായിരുന്നു. ബസിനു മുന്നോട്ടു പോകാൻ കഴിയതായതോടെ ബസ് നിർത്തിയ ശേഷം പതിയെ മുന്നോട്ടു നീങ്ങി. ബസ് കടന്നു പോയതോടെ അക്രമി ബൈക്കുമായി പിന്നാലെ എത്തുകയും യാതൊരു പ്രകോപനവും ഇല്ലാതെ ഡ്രൈവറെ മർദിക്കുകയായിരുന്നുവെന്നു കണ്ടക്ടർ പ്രസാദ് പറഞ്ഞു. നെയ്യാർ ഡാം പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. ദിവസങ്ങൾക്ക് മുൻപാണ് വിളപ്പിൽശാലയിൽ ബസ് തടഞ്ഞു നിർത്തി കഞ്ചാവ് മാഫിയ സംഘം ഡ്രൈവറെയും കണ്ടക്ടറെയും ക്രൂരമായി മർദിച്ചത്.


 
  


    
    

    




Post a Comment

0 Comments