Recent-Post

വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍

വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍
പാലോട്: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍. പൂന്തുറ മസാല്‍ തെരുവ് ബദരിയാ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അല്‍അമീനെ(44)യാണ് പാലോട് പൊലീസ് അറസ്റ്റു ചെയ്തത്. രാത്രിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ടോറസ്, ടിപ്പര്‍, പിക് അപ് തുടങ്ങിയ വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്നതാണ് പ്രതിയുടെ സ്ഥിരം പരിപാടിയെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 7ന് പുലര്‍ച്ചെ തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാനപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ചോളം വാഹനങ്ങളില്‍ നിന്നായി ബാറ്ററികളും സൗണ്ട് സിസ്റ്റം ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും മോഷണം പോയതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വെള്ള നിറത്തിലുളള കാറില്‍ സഞ്ചരിക്കുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് മനസിലായി.



വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമായി പതിച്ചതാണെന്നും തെളിഞ്ഞു. വെള്ള നിറത്തിലുള്ള കാറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ബീമാപ്പള്ളിയില്‍ നിന്നും വാടകയ്ക്ക് എടുത്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ദേശീയപാതയ്ക്ക് അരികിലായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു.


മോഷ്ടിച്ച 20 ഓളം ബാറ്ററികള്‍ കണിയാപുരത്തെ ആക്രി കടയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ഭാര്യ സഹോദരനും നിരവധി കേസുകളിലെ പ്രതിയുമായ ജസീം എന്നയാളും മോഷണ സംഘത്തിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് മാലിന്യം ശേഖരിച്ച് എറണാകുളത്ത് വാഹനത്തില്‍ കൊണ്ടുപോയി നല്‍കുന്ന ജോലിക്കിടെ റോഡരികില്‍ പാര്‍ക്ക് ചെയ്തിരിയ്ക്കുന്ന വാഹനങ്ങള്‍ കണ്ടെത്തി വച്ച് രാത്രിയില്‍ മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


 
  


    
    

    




Post a Comment

0 Comments