Recent-Post

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകി നെടുമങ്ങാട് നഗരസഭ ബഡ്ജറ്റ്

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുൻഗണന നൽകി നെടുമങ്ങാട് നഗരസഭ ബഡ്ജറ്റ്
നെടുമങ്ങാട്:
74,11,52,390 രൂപ വരവും 68,58,95,000 രൂപ ചെലവും 5,52,57,390 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ അവതരിപ്പിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ മത്സ്യ,മാംസ സംഭരണവും വിതരണവും നടത്തുന്നതിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച 27 കോടി രൂപ വിനിയോഗിച്ച് നെടുമങ്ങാട്ടും ഇരിഞ്ചയത്തും ആധുനിക മാർക്കറ്റുകളുടെ നിർമ്മാണം ഈ വർഷം ആരംഭിക്കും. കിള്ളിയാർ നാലാംഘട്ട ശുചീകരണവും ജൈവവേലി സ്ഥാപിക്കലും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും സഹകരണത്തോടുകൂടി ആരംഭിക്കും.


കർഷകർക്ക് കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിനും ജൈവ വാഴ കൃഷിക്കും 50 ശതമാനം സബ്സിഡി നൽകും. വയോ ക്ലബുകളിൽ എത്തുന്നവർക്ക് ചെറിയ വരുമാനം ലഭ്യമാകുന്ന രീതിയിൽ പേപ്പർ കവർ ഉത്പാദനം ഉൾപ്പെടെയുള്ള പരിശീലനം നൽകി കാര്യക്ഷമമാക്കും. നെടുമങ്ങാട് നഗരസഭ പ്രദേശത്ത് അതിദരിദ്രരായി കണക്കാക്കിയിട്ടുള്ള 111 പേർക്ക് ദാരിദ്ര്യ ലഘൂകരണത്തിന് നടപടി സ്വീകരിച്ച് അതിദരിദ്രം ഇല്ലാത്ത നഗരസഭയാക്കി മാറ്റും. മുതിർന്ന പൗരന്മാർക്കും യാത്രാ ബുദ്ധിമുട്ട് കാരണം സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതി ഉള്ളവർക്കും സർക്കാരിന്റെയും നഗരസഭയുടെയും സേവനങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ആരംഭിക്കും.

യുവജനങ്ങൾക്കായി കായിക രംഗത്തെ നൂതന സംരംഭമായ ടർഫ് നഗരസഭയിൽ രണ്ട് കേന്ദ്രങ്ങളിൽ ആരംഭിക്കും. നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വനിതകൾക്ക് പി.എസ്.സി കോച്ചിംഗ് സെന്റർ ആരംഭിക്കും. കുടുംബശ്രീ സ്വയം തൊഴിൽ സംരംഭ യൂണിറ്റുകൾ കൂടുതൽ ആരംഭിക്കുന്നതിനും നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനുമായി സംരംഭക യൂണിറ്റുകൾക്ക് വായ്പ സബ്സിഡി നൽകും. സ്മാർട്ട് അങ്കണവാടികൾ നിർമ്മിക്കാൻ 15 ലക്ഷം രൂപ വകയിരുത്തി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു.
 
  


    
    

    




Post a Comment

0 Comments