Recent-Post

മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരോട് സ്വമേധയാ അത്തരം കാര്‍ഡുകള്‍ തിരികെ നല്‍കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനമാനിച്ച് 1,42,187 മുന്‍ഗണനാകാര്‍ഡുകള്‍ തിരികെ ലഭിച്ചു. അതില്‍ 11587 AAY കാര്‍ഡുകളും, 74,626 PHH കാര്‍ഡുകളും, 55,974 NPH കാര്‍ഡുകളുമാണ്. സര്‍ക്കാരിലേക്ക് സറണ്ടര്‍ ചെയ്ത 11000 ത്തോളം AAY കാര്‍ഡുകള്‍ ക്യാന്‍സര്‍, കിഡ്നി, ഓട്ടിസം ബാധിച്ച അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബങ്ങളെ കണ്ടെത്തി ആഗസ്റ്റ് മാസം മുതല്‍ വിതരണം ചെയ്തിരുന്നു. 1,20,000 PHH കാര്‍ഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.


കേരളത്തിലെ ഭക്ഷ്യ വകുപ്പ് വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്വമേധയാ ഒന്നരലക്ഷത്തിനോടടുത്ത മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹരായ ആളുകള്‍ വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് തിരികെ ഏല്‍പ്പിച്ചു എന്നത് വലിയ ഒരു നേട്ടം തന്നെയാണ്. സാമൂഹിക ബോധമുള്ള കേരളീയ ജനത ഇടതുപക്ഷ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിലെ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ അദ്ദേഹം വിതരണം ചെയ്തു. സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലെയും വിവിധ താലൂക്കുകളില്‍ ബന്ധപ്പെട്ട എം.എല്‍.എ-മാര്‍ വരും ദിവസങ്ങളില്‍ മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ.സജിത്ത് ബാബു ഐ.എ.എസ് സ്വാഗതവും തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ഉണ്ണികൃഷ്ണ കുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

  

  


    
    

    


Post a Comment

0 Comments