Recent-Post

അച്ഛനെയും മകളെയും പിങ്ക് പോലീസ് സംഘം മൊബൈൽ ഫോൺ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പരാതി

ആറ്റിങ്ങൽ: അച്ഛനെയും മകളെയും പിങ്ക് പോലീസ് സംഘം മൊബൈൽ ഫോൺ മോഷ്ടാക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പരാതി. ആറ്റിങ്ങൽ ടൗണിൽ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പിങ്ക് പോലീസിനെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പിങ്ക് പോലീസ് നടുറോഡിൽ വിചാരണ ചെയ്തത്.


ഐ.എസ്.ആർ.ഒ.യിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാൽ കഴിഞ്ഞദിവസം ആറ്റിങ്ങൽ ടൗണിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പോലീസ് എത്തിയത്. പോലീസ് വാഹനത്തിന്റെ ചില്ല് ഉയർത്തിവെച്ചാണ് പോലീസുകാർ ഡ്യൂട്ടിക്ക് പോയത്. ഒരു പോലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന തന്റെ മൊബൈൽ ഫോൺ കാണാനില്ലെന്ന് പറഞ്ഞു. ഈ സമയം ജയചന്ദ്രനും മകളും പോലീസ് വാഹനത്തിൽ ചാരിനിൽപ്പുണ്ടായിരുന്നു. തുടർന്നാണ് ഇരുവരും മൊബൈൽ എടുത്തെന്നരീതിയിൽ പോലീസ് ഉദ്യോഗസ്ഥ പെരുമാറിയത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.

അല്പസമയത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോൾ ഫോൺ കാറിനുള്ളിൽ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതോടെ നാട്ടുകാർ ഇടപെടുകയും പിങ്ക് പോലീസിനെതിരേ പ്രതിഷേധിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, പിങ്ക് പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരേ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങൽ പിങ്ക് പോലീസിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായി ഗ്രാമം ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. 


  


  


    
    

    


Post a Comment

0 Comments