Recent-Post

വിധിക്ക് മുന്നിൽ തളരാത്ത, അതിജീവനത്തിന്റെ മറുപേരാണ് കാർത്തിക്

കല്ലാർ: ജനിച്ച നാൾ മുതലേ വൈകല്യമുള്ള ശരീരവുമായാണ് കല്ലാർ സ്വദേശിയായ കാർത്തികിന്റെ യാത്രകൾ. ഒന്നുനടക്കാനോ എഴുന്നേറ്റ് നിൽക്കാനോ നന്നായി കൈ പിടിച്ചു എഴുതാനോ കാർത്തിക്കിന് കഴിഞ്ഞിട്ടില്ല. വീൽ ചെയർ ആണ് കാർത്തികിന്റെ യാത്രകൾക്ക് കൂട്ടായുള്ളത്. ആനപ്പാറ ഗവ. ഹൈസ്കൂളിൽ നിന്നും മികച്ച മാർക്കോടെ എസ്എസ്എൽസി പൂർത്തിയാക്കി. ഇപ്പോഴിതാ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ വിതുര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മൂന്ന് വിഷയങ്ങൾക്ക് വീതം A+, A എന്നീ ഗ്രേഡുകൾ നേടി 90% ലധികം മാർക്കോടെ മികച്ച വിജയമാണ് കാർത്തിക് നേടിയത്. ഈ ഉജ്ജ്വല പ്രതിഭയ്ക്ക് ഗ്രാമ പഞ്ചായത്ത്‌ അംഗം വിഷ്ണു ആനപ്പാറയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി അനുമോദനം നൽകി. മുൻ പഞ്ചായത്ത് മെമ്പർ കല്ലാർ മുരളി, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സുധിൻ കൊപ്പം,ഷാൻ,ജോയി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


ആനപ്പാറ സ്‌കൂളിലും തുടർന്ന് വിതുര സ്‌കൂളിലും ഓട്ടോറിക്ഷയിലാണ് കാർത്തിക്കിനെ പഠനത്തിനായി എത്തിക്കുന്നത്. സാധാരണ കുടുംബത്തിൽ ജീവിക്കുന്ന ഇവർ ദിവസേന ഓട്ടോ കൂലി നൽകിയാണ് അവനെ സ്കൂളിൽ ഇതുവരെ എത്തിച്ചത്. പ്രതിസന്ധി തളർത്താത്ത മനസുമായി നന്നായി പഠിച്ചു മികച്ച വിജയം നേടിയ കാർത്തിക്കിന് ശാസ്ത്ര ലോകത്തിന്റെ ഉന്നത നിലകളിലേക്ക് കടന്നെത്തുക എന്ന ലക്ഷ്യമാണുള്ളത്. ശാസ്ത്രഞ്ജനാകണം എന്ന വലിയ സ്വപ്നം സഫലമാക്കാനുള്ള ഉറച്ച മനസുമായാണ് ഓരോ ദിവസവും അവനിലൂടെ കടന്ന് പോകുന്നത്.

പ്ലസ് ടു വിനു ശേഷം ഇപ്പോൾ ഫിസിക്സിൽ ബിരുദ പ്രവേശനം നേടാനുള്ള ആഗ്രഹമാണുള്ളത്. പഠിക്കാൻ മിടുക്കനായ കാർത്തിക്കിന് തുടർ വിദ്യഭ്യാസത്തിനായി എങ്ങനെ യാത്ര ചെയ്യാനാകും എന്നറിയാതെ വിഷമിക്കുകയാണ്. കാർത്തിക്കിന്റെ യാത്രകൾക്കെല്ലാം കൂട്ടായുള്ളത് അമ്മയും അമ്മൂമ്മയുമാണ്. അവരും സങ്കടത്തിലാണ്. ശരീരം തളർന്നുവെങ്കിലും നന്നായി പഠിക്കുന്നതിനൊപ്പം നന്നായി ചിത്രം വരയ്ക്കുകയും ആഴത്തിലുള്ള പുസ്തക വായനയും അവനിലുണ്ട്.നിരവധി ക്വിസ് മത്സരങ്ങളിലെ വിജയി കൂടിയാണ്.

വിധി തളർത്താത്ത മനസുമായി മികച്ച വിദ്യാഭ്യാസം നേടി ഉയരങ്ങളിലേക്കെത്താനുള്ള അവന്റെ യാത്രകൾക്ക് കരുത്തേകാൻ നമുക്കെല്ലാവർക്കും ഒത്തു ചേരേണ്ടതുണ്ട്.


  


  


    
    

    


Post a Comment

0 Comments