Recent-Post

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള നിയന്ത്രണങ്ങളോട് വ്യാപാരികൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള നിയന്ത്രണങ്ങളോട് വ്യാപാരികൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ആവശ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളെക്കുറിച്ച് വിശദീകരിക്കാൻ ഓൺലൈനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.


കടയുടെ ആകെ വിസ്തീർണവും 25 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരാൾ എന്ന ക്രമത്തിൽ പരമാവധി എത്രപേരെ കടയിൽ ഉൾക്കൊള്ളാനാകുമെന്നും നിലവിൽ എത്രപേരാണ് കടയിൽ ഉള്ളതെന്നുമുള്ള വിവരം കടയ്ക്കു മുന്നിൽ പ്രദർശിപ്പിക്കണം. ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഉപഭോക്താവിന്റെ പേരും ഫോൺനമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തണം. തെർമൽ സ്‌കാൻ മുഖേന ഊഷ്മാവ് പരിശോധിക്കുന്ന നടപടികളും തുടരണം. ഉപഭോക്താവും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനോ അല്ലെങ്കിൽ കുറഞ്ഞത് രണ്ടാഴ്ച മുൻപെങ്കിലും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവരോ, 72 മണിക്കൂറുകൾക്കകം എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ, ഒരുമാസം മുൻപ് കോവിഡ് ബാധിച്ച് രോഗമുക്തരായവരോ ആയിരിക്കണം. കടകൾക്കു മുൻപിലെ തിരക്ക് നിയന്ത്രിക്കണം. ഇതിനാവശ്യമായ ജീവനക്കാരെ കടയുടമ നിയോഗിക്കണം.

കടകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുമെന്നും ഉപഭോക്താവിന്റെ കൈവശം രേഖകൾ ഇല്ലെങ്കിൽ അവരെ കടയിൽനിന്നും പുറത്താക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലാ പോലീസ് മേധാവി(റൂറൽ) പി.കെ.മധു, സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, എ.ഡി.എം. ഇ.എം.സഫീർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


  


  


    
    

    


Post a Comment

0 Comments