Recent-Post

യുവാവിനെ തട്ടിക്കൊണ്ടുവന്ന്‌ ക്വട്ടേഷൻ സംഘത്തിന്‌ കൈമാറി ക്രൂരമായി മർദിച്ച കേസിലെ ഒന്നാം പ്രതിയായ നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ

തിരുവല്ല: തിരുവല്ല സ്വദേശി അരുൺ കോശിയെ എറണാകുളത്തുനിന്ന്‌ തട്ടിക്കൊണ്ടുവന്ന്‌ ചേർത്തലയിൽ ക്വട്ടേഷൻ സംഘത്തിന്‌ കൈമാറി ക്രൂരമായി മർദിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ.


നെടുമങ്ങാട്‌ മൂന്നുമുക്ക്‌ വള്ളംവെട്ടിമൂല കില്ലർ സുരേഷ്‌ എന്നും മധുവെന്നും അറിയപ്പെടുന്ന സുരേഷ്‌കുമാർ(48) ആണ്‌ പിടിയിലായത്‌. ഇതോടെ കേസിൽ 13 പ്രതികളും പിടിയിലായി. ജൂൺ 23ന്‌ രാത്രി അരീപ്പറമ്പ്‌ ചക്കനാട്‌ ഭാഗത്താണ്‌ സംഭവം.

അരുണിനെ ചേർത്തലയിൽ എത്തിച്ച്‌ ക്വട്ടേഷൻ സംഘത്തിന്‌ കൈമാറിയത്‌ മധുവാണ്‌. സംഘംചേർന്ന്‌ മർദിച്ച്‌ വാരിയെല്ലിന്‌ ഉൾപ്പെടെ ക്ഷതം ഉണ്ടാക്കുകയും മൊബൈൽ, രേഖകൾ എന്നിവ കവരുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. മധുവിന്റെ ക്വട്ടേഷനാണ്‌ അക്രമിസംഘം ഏറ്റെടുത്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. എറണാകുളം കാക്കനാട്‌ ഭാഗത്ത്‌ സ്വകാര്യ ഹോസ്‌റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഇവർ തമ്മിലെ തർക്കമാണ്‌ കാരണം.

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ഞായറാഴ്‌ചയാണ്‌ മധുവിനെ പിടികൂടിയത്‌. അരുണിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ ചാരുംമൂട്‌ മാമൂട്‌ കവലയിൽനിന്ന്‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

അർത്തുങ്കൽ സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ പി ജി മധുവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ കെ ജെ ജേക്കബ്‌, ആർ എൽ മഹേഷ്‌, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാരായ കെ ജെ സേവ്യർ, ആർ ശ്യാം, സിവിൽ പൊലീസ്‌ ഓഫീസർമാരായ കെ പി ഗിരീഷ്‌, എ ബി അഗസ്‌റ്റിൻ, യു വൈശാഖ്‌ എന്നിവരുൾപ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

  


  


    
    

    


Post a Comment

0 Comments