Recent-Post

വേനൽ കടുത്തതോടെ സമൃദ്ധമായി ഒഴുകിയിരുന്ന കല്ലാർ നദി വറ്റിത്തുടങ്ങി



വിതുര:
വേനൽ കടുത്തതോടെ സമൃദ്ധമായി ഒഴുകിയിരുന്ന കല്ലാർ നദി വറ്റിത്തുടങ്ങി. കത്തുന്ന ചൂടിനെ തുടർന്ന് നദിയിലെ ജലനിരപ്പ് അനുദിനം താഴുകയാണ്. നീരൊഴുക്ക് നിലച്ച് നദി ചിലയിടങ്ങളിൽ നിശ്ചലാവസ്ഥയിലായി. മാത്രമല്ല ജലവും മലിനപ്പെട്ടു. ആദ്യമായാണ് നദിയിലെ ജലനിരപ്പ് ഇത്രയധികം താഴുന്നതെന്ന് നാട്ടുകാർ പറയുന്നു. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നദിയിൽ വേണ്ടത്ര വെള്ളമുണ്ടാവുന്നതാണ്. ചെമ്മുഞ്ചി, പൊൻമുടി, ബോണക്കാട് മലനിരകളിൽ നിന്നും കല്ലാറിലേക്ക് ഒഴുകിയിരുന്ന ചെറുപുഴകൾ ഇതിനകം വറ്റിക്കഴിഞ്ഞു.




മീൻമുട്ടി വെള്ളച്ചാട്ടത്തിൽ നിന്നുള്ള നീരൊഴുക്കും കുറഞ്ഞു. ചൂടിന്റെ കാഠിന്യം ഇനിയും വർദ്ധിച്ചാൽ നദി പൂർണമായും നിശ്ചലമാവും. നിലവിൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുൾപ്പെടെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കുളിച്ച് മടങ്ങുന്നു. നദിയിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ തീരപ്രദേശങ്ങളിലെ കിണറുകളിലും വെള്ളമില്ലാത്ത അവസ്ഥയാണ്. സാധാരണ വേനൽ മൂർച്ഛിക്കുമ്പോൾ വിതുര, ചെറ്റച്ചൽ, ആനപ്പാറ, കല്ലാർ, തൊളിക്കോട് മേഖലകളിലെ ജനങ്ങൾ നദിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ചൂടിന്റെ ആഘാതം മൂലം ഇക്കുറി നദി വളരെ നേരത്തേ വറ്റുകയായിരുന്നു.


നദിക്ക് പുറമെ തോടുകളും മറ്റ് നീർച്ചാലുകളും വറ്റിക്കഴിഞ്ഞു. നദിയെ അമിതമായി ചൂഷണം ചെയ്തതും ജലനിരപ്പ് താഴാൻ കാരണമായിട്ടുണ്ട്. നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും നദിയിൽ മണലൂറ്റ് തുടരുകയാണ്. ഉരുളൻകല്ലുകളും വ്യാപകമായി കടത്തുന്നു. അതേസമയം നദിയിൽ മാലിന്യനിക്ഷേപവും അതിരൂക്ഷമാണ്. ഇറച്ചിവില്പന കേന്ദ്രങ്ങളിൽ നിന്നുള്ള അറവു മാലിന്യങ്ങളും നദിയിൽ വ്യാപകമായി നിക്ഷേപിക്കുന്നു. മാലിന്യം കുമിഞ്ഞുകൂടി നദിയുടെ ചില ഭാഗങ്ങളിൽ ദുർഗന്ധം വമിക്കുകയാണ്. അതിനു പുറമെയാണ് നദിയിലേക്ക് മലിനജലവും ഒഴുക്കി വിടുന്നത്. നദിയെ സംരക്ഷിക്കാനായി പ്രഖ്യാപിച്ച പദ്ധതികളെല്ലാം തന്നെയും കടലാസിലൊതുങ്ങി. കല്ലാർ ഇനിയും വറ്റിവരണ്ടാൽ കുടിവെള്ള പദ്ധതികൾ തടസപ്പെടും. ജനം കുടിവെള്ളത്തിനായി പരക്കം പായേണ്ട അവസ്ഥയും ഉടൻ സംജാതമാകും. അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments