Recent-Post

അവശനിലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു






തെന്നൂർ: അവശനിലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ചത്തു. മണ്ണാന്തല മൺപുറത്ത് സലീം എന്നയാളുടെ വീട്ടുമുറ്റത്ത് ഇന്ന് രാവിലെ ഒമ്പതോടെയാണ് കാട്ടു പോത്തിനെ അവശനിലയിൽ കണ്ടെത്തിയത്. വയറുപെരുകി എഴുന്നേറ്റുനിലക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കാട്ടുപോത്ത്.




നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് ജഴ്സിഫാമിൽ നിന്ന് ഡോക്ടറും പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി. പോത്തിനെ പരിശോധിക്കുന്നതിനിടെ കാട്ടുപോത്ത് ചാവുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കാട്ടുപോത്തിനെ മറവ് ചെയ്തു. മരണകരണം കാട്ടുപയർ കഴിച്ചതാകാം എന്നാണ് പ്രഥമിക വിവരം.


പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടുപോത്ത് കൂട്ടമായി ഇറങ്ങിയിരുന്നു. അതിന്റെ കൂട്ടത്തിൽപ്പെട്ടവയാകാം ഇന്ന് ചത്ത കാട്ടുപോത്ത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. പത്തിലേറെ കൂറ്റൻ കാട്ടുപോത്തുകളാണ് തെന്നൂരിലും പരിസരത്തുമിറങ്ങി നാട്ടുകാരെ ഭീതിയിലാക്കിയത്. മുമ്പ് ഒന്നോ രണ്ടോ പോത്തുകളെ നെട്ടയം, അരയകുന്ന് ഭാഗത്ത് കാണാറുണ്ടായിരുന്നെങ്കിലും ഇത്രയുമെണ്ണം എത്തുന്നത്‌ ആദ്യമായിട്ടാണെണ് നാട്ടുകാർ പറയുന്നു.


ഇവയെ തുരത്തിയോടിക്കാനുള്ള നാട്ടുകാരുടെ ആദ്യശ്രമം പരാജയപ്പെട്ടു. ഇവ രണ്ടായി പിരിഞ്ഞ് കന്യാരുകുഴി, മണ്ണാന്തല, ആറുകണ്ണൻകുഴി പ്രദേശത്തേക്ക് ഓടിപ്പോയി. തെന്നൂരിൽ നിരവധി കർഷകരുടെ കൃഷി നശിപ്പിക്കുകയും വേലികൾ തകർക്കുകയും ചെയ്തു. പാലോട് റെയ്ഞ്ച് ഓഫീസിൽ നിന്നും ജീവനക്കാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചടപ്പുപാറ, ചെല്ലഞ്ചി, കല്ലുവരമ്പ് എന്നിവിടങ്ങളിലും കാട്ടുപോത്തിൻ കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. പുലർച്ചെ റബ്ബർ ടാപ്പിങ്ങിനു പോകുന്നവരും പ്രഭാതസവാരിക്കുപോകുന്നവരും വലിയ ആശങ്കയിലാണ്.

Post a Comment

0 Comments