മങ്കയം: മങ്കയത്ത് മലവെള്ള പാച്ചിലിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശിനി ഷാനി (33) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 6 മണിയോടെ നാട്ടുകാർ കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മങ്കയം വാഴത്തോപ്പിന് സമീപം കുളിക്കാനിറങ്ങിയ കുട്ടികൾ ഉൾപ്പടെയുള്ള പത്തുപേരുടെ സംഘം മലവെള്ള പാച്ചിലിൽപ്പെടുകയായിരുന്നു.
എട്ട് പേരെ അതിസാഹസികമായി നാട്ടുകാർ രക്ഷപ്പെടുത്തി. കാണാതായ രണ്ട്പേർക്കായി വ്യാപകതിരച്ചിൽ തുടരുന്നതിനിടെ ഇടിഞ്ഞാർ പമ്പ്ഹൗസിന് സമീപത്ത് നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. തുടർന്ന് രാത്രി വളരെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഷാനിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നലെ വെളിച്ചക്കുറവ് കാരണം നിർത്തിവച്ച തിരച്ചിൽ ഇന്ന് അതിരാവിലെ പുനരാരംഭിച്ചു. ആറുമണിയോടെ നാട്ടുകാരുടെ സംഘം നടത്തിയ തിരച്ചിലിൽ നദിയിൽ മൂന്ന് കിലോമീറ്റർ ദൂരെ മൂന്നാറ്റ്മുക്കിൽ നിന്നാണ് ഷാനിയുടെ മൃതദേഹം കണ്ടെടുത്തത്. വിതുര ഫയർ ഫോഴ്‌സും പാലോട് പോലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക്
സ്ഥലം എംഎൽഎയും ജില്ലാ കളക്ടറും, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റുമാരും ജന പ്രതിനിധികളും, നെടുമങ്ങാട് ആർ.ഡി.ഒ, തസിൽദാർ, ഡി.എഫ്.ഒ തുടങ്ങിയവരും നേരിട്ടെത്തി നേതൃത്വം നൽകി.
പാലോട് സർക്കാർ ആശുപത്രിയിൽ എത്തിച്ച അപകടത്തിൽ പെട്ടവർക്ക് വേണ്ട വൈദ്യസഹായങ്ങൾ നൽകിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് മാറ്റി. മലവെള്ള പാച്ചിലിൽപെട്ട് ഒഴുകിഎത്തിയ കുട്ടിയെയാണ് നാട്ടുകാർ ആദ്യം രക്ഷപ്പെടുത്തിയത്. ഈ കുട്ടിയെ സ്വകാര്യ വാഹനത്തിൽ പാലോട് ആശുപത്രിയിൽ എത്തിക്കുകയും അവിടെനിന്ന് എസ്.എ.ടി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു.
ഫോറെസ്റ്റ് പരുത്തിപള്ളി ആർ.ആർ.ടി യാണ് തിരച്ചിലിനായി വെളിച്ച സൗകര്യം ഒരുക്കിയത്. നാട്ടുകാർ പൂർണ്ണമായും ഒറ്റകെട്ടോടെ രക്ഷാ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയതാണ് മരണസംഖ്യ കുറയാൻ കാരണം.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.